പ്രകൃതിദുരന്ത നിവാരണം: അന്തരീക്ഷ ഊഷ്മാവ് അളക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബാലുശേരി ബ്ലോക്ക്
1531973
Tuesday, March 11, 2025 7:36 AM IST
കോഴിക്കോട്: വികേന്ദ്രീകൃത അന്തരീക്ഷ ഊഷ്മാവ് അളക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി ബാലുശേരി ബ്ലോക്ക് പഞ്ചായത്ത്. ദുരന്ത നിവാരണത്തിന് വികേന്ദ്രീകൃത വിവരശേഖരം പ്രയോജനപ്പെടുത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണിത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംസ്ഥാനം നേരിടുന്ന വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, വരള്‍ച്ച, ഉഷ്ണതരംഗങ്ങള്‍, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ നേരിടുന്നതിന് കാലാവസ്ഥാ സൂചകങ്ങളുടെ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോട് കൂടിയതുമായ വിവരശേഖരണവും വിശകലനവും അത്യാവശ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ റിസര്‍ച്ച് ആന്‍ഡ് വൈല്‍ഡ് ലൈഫിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും പങ്കാളിത്തത്തോടെയാണ് ജനകീയ കാലാവസ്ഥ പഠന പരിപാടി നടപ്പിലാക്കുന്നത്.
മഴക്കാലത്തിനുശേഷം രൂക്ഷമായ ഉഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഹീറ്റ് ആക്ഷന്‍ പ്ലാനിന് ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബ്ലോക്കിന്റെ വിവിധ ഭാഗങ്ങളില്‍ മാക്സിമം - മിനിമം തെര്‍മോമീറ്ററുകള്‍ സ്ഥാപിച്ച് പ്രതിദിനം അളവ് രേഖപ്പെടുത്തും.
സമാനമായി കാര്‍ഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും ആരോഗ്യമേഖലയിലും ഉണ്ടാവുന്ന ആഘാതങ്ങളെയും നിരന്തരമായി നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് ഫലപ്രദമായ ഒരു പ്രതിരോധ പരിപാടി അവതരിപ്പിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട ഹീറ്റ് ആക്ഷന്‍ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാപിക്കപ്പെട്ട 28 മഴ മാപിനികളില്‍ നിന്നുള്ള വിവരങ്ങള്‍ ശില്പശാല വിശകലനം ചെയ്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴപെയ്യുന്ന സ്ഥലങ്ങളില്‍ ഒന്നായി 4,700 മില്ലിമീറ്റര്‍ മഴപെയ്യുന്ന വയലടയെ കാണാമെന്ന പഠന റിപ്പോര്‍ട്ടുകളും ശില്പശാലയില് ചര്‍ച്ച ചെയ്തു.
ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എം. ശശി അധ്യക്ഷത വഹിച്ചു. ഹ്യൂം സെന്ററില്‍ നിന്നുള്ള ശാസ്ത്രജ്ഞരായ സി.കെ. വിഷ്ണുദാസ്, ഡോ. പി.ആര്. സുമ, ഗവേഷകരായ അന്‍സ്വഫ്, എ.ആര്. രഞ്ജിനി എന്നിവര്‍ വിവിധ അവതരണങ്ങള്‍ നടത്തി.