മെഡിക്കല്‍ കോളജില്‍ സ്പെഷല്‍ പാസിന് അമ്പതു രൂപയാക്കി
1531976
Tuesday, March 11, 2025 7:36 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ വീണ്ടും സ്പെഷല്‍ പാസ് ഏര്‍പ്പെടുത്തുന്നു. ആളൊന്നിന് 50 രൂപയാണ് നിരക്ക്. നെഞ്ചുരോഗ ആശുപത്രിയില്‍ പാസ് നിലവില്‍ വന്നുകഴിഞ്ഞു.
ദൂരസ്ഥലങ്ങളില്‍നിന്ന് വന്നിട്ടും രോഗിയെ കാണാന്‍ കഴിയാതെ ആളുകള്‍ മടങ്ങിപ്പോവുന്നത് സ്ഥിരമാണ്. ഈ സാഹചര്യത്തിലാണ് പഴയ പാസ് സമ്പ്രദായം കൊണ്ടുവരാനുള്ള തീരുമാനം. മറ്റ് വിഭാഗങ്ങളിലേക്കും സ്പെഷല്‍ പാസ് ഉടന്‍ ഏര്‍പ്പെടുത്തും.
രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ കൂട്ടിരിപ്പുകാര്‍ക്ക് ഒരു പാസ് നല്‍കുന്നുണ്ട്. കാണാന്‍ വരുന്നവര്‍ ഇത് ഉപയോഗപ്പെടുത്തിയാണ് ഉള്ളില്‍ കയറിയിരുന്നത്. എന്നാല്‍ സമയം കഴിഞ്ഞും കയറണമെന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നതാണ് പലപ്പോഴും തര്ക്കത്തിനിടയാകുന്നത്. ഇതിന് പരിഹാരമെന്ന നിലയിലാണ് 50 രൂപയുടെ സ്പെഷല്‍ പാസ് ഏര്‍പ്പെടുത്തുന്നത്. മുന്‍പ് പത്തുരൂപയുടെ സെപ്ഷല്‍ പാസ് ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് നിര്‍ത്തി.
നെഞ്ച് രോഗാശുപത്രിയില്‍ വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെയാണ് സ്പെഷല്‍ പാസുകാര്‍ക്ക് പ്രവേശനം . രോഗി സന്ദര്‍ശനത്തെ ആരോഗ്യവകുപ്പ് നിരുത്സാഹാപ്പെടുത്തുമ്പോള് സന്ദര്‍ശകരുടെ എണ്ണം കൂട്ടുന്നതിനെതിരെ വിമര്‍ശനമുണ്ട്. എന്നാല്‍ 50 രൂപ ഈടാക്കുന്നതുകൊണ്ട് വലിയതോതില്‍ ആളുവരില്ലെന്നാണ് വികസനസമിതിയുടെ വിശദീകരണം.
ആശുപത്രി വികസന ഫണ്ടിലേക്ക് പണം കണ്ടെത്താന്‍ കൂടിയാണ് സെപ്ഷല്‍ പാസ് എന്നാണ് അധികൃതരുടെ വിശദീകരണം.
സ്വന്തം ലേഖകന്‍