പുറക്കാമല: പോലീസ് സംരക്ഷണത്തില്‍ പാറ പൊട്ടിക്കാനുള്ള ശ്രമം വിഫലമായി
1531977
Tuesday, March 11, 2025 7:36 AM IST
കോഴിക്കോട്: പോലീസ് സംരക്ഷണത്തില്‍ മേപ്പയൂര്‍ പുറക്കാമലയിലെ വിവാദ ക്വാറിയില്‍നിന്ന് പാറ പൊട്ടിക്കാനുള്ള ശ്രമം വിഫലമായി. പാറ പൊട്ടിക്കാന്‍ കംപ്രസറും വെടിമരുന്നുമായി ക്വാറി ഉടമകള്‍ എത്തിയെങ്കിലും നാട്ടുകാരുടെ ചെറുത്തുനില്പ്പിനെത്തുടര്ന്നു മടങ്ങിപോകേണ്ടിവന്നു. പോലീസും ക്വാറി മാഫിയയും ചേര്‍ന്ന് നടത്തിയ പാതിരാ നാടകം ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തിന് മുമ്പില്‍ തകര്‍ന്നു വീഴുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ 2.10ന് കംപ്രഷര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളുമായാണ് വന്‍ പോലീസ് സാന്നിധ്യത്തില്‍ പാറ പൊട്ടിക്കുന്നതിനു സംഘമെത്തിയത്. ഇതറിഞ്ഞ നാട്ടുകാരും ജനപ്രതിനികളും അഞ്ചുമണി മുതല്‍ തന്നെ പ്രദേശത്ത് ശക്തമായ പ്രതിരോധം തീര്‍ത്തു. നേരം പുലര്‍ന്നതോടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ എത്തി. പ്രതിഷേധത്തിനൊടുവില്‍ 11 മണിയോടെ കംപ്രസറുമായി ഉടമകള്‍ക്കു തിരിച്ചുപോകേണ്ടിവന്നു. മേപ്പയൂര്‍ എസ്ഐയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംരക്ഷണമൊരുക്കിയിരുന്നത്.
ജില്ലാ ജിയോളജിസ്റ്റിന്റെ സാന്നിധ്യത്തിലേ ഖനനം നടത്താവൂ എന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയും, ക്വാറിയിലേക്ക് വഴി അനുവദിച്ച എഗ്രിമെന്റില്‍ നിന്ന് കുടുംബം പിന്‍വാങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് രാത്രി അസമയത്ത് ഖനന കംപ്രസറും വെടിമരുന്നുമായി ഉടമകള്‍ എത്തിയത്.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്തംഗം വി.പി. ദുല്‍ഖിഫില്‍ ജില്ലാ പോലീസ് സൂപ്രണ്ടുമായി സംസാരിച്ചു. തങ്ങള്‍ അറിയാതെയാണ് പോലീസ് സംരക്ഷണം നല്‍കിയത് എന്ന് ഡിവൈഎസ്പി ജില്ലാ പഞ്ചായത്ത് മെമ്പറെ അറിയിച്ചു. പ്രതിഷേധം ശക്തമാവുകയും സ്ത്രീകളടക്കം കുട്ടികളും സമരരംഗത്തെക്കു വന്നതോടെ പോലീസും വെട്ടിലായി. ഒടുവില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ക്വാറി ഉടമകള്‍ തിരിച്ചുപോകുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി. ദുല്‍ഖിഫില്‍, ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷിജിത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ സെറീന ഒറോള, ആര്.പി. ശോഭിഷ്, ലത്തീഫ്, ഷബീര്‍ ജന്നത്ത്, സമരസമിതി നേതാക്കളായ എം.എം. പ്രജീഷ് കെ. ലോഹ്യ, വി.എ. ബാലകൃഷ്ണന്, വി.പി. മോഹനന്, കെ.എം. മുരളീധരന്, എടയിലാട്ട് ഉണ്ണികൃഷ്ണന്, കെ. മനു, പുഴയരികത്ത് മധു, കീഴ്പ്പോട്ട് മൊയ്തി എന്നിവര്‍ നേതൃത്വം നൽകി.