പ്രകൃതി ദുരന്തം: വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ വയനാട്ടില്‍ അഭയകേന്ദ്രം സ്ഥാപിക്കുന്നു
1531975
Tuesday, March 11, 2025 7:36 AM IST
കോഴിക്കോട്: ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്ത സാഹചര്യങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തില്‍ അഭയകേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ അഭയം കേന്ദ്രം സ്ഥാപിക്കാനുള്ള സന്നദ്ധത വയനാട് കളക്ടറെ അറിയിച്ചിരുന്നു. ഇതുപ്രകാരം കളക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്കാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അനുമതി നല്‍കിയത്.
അഭയകേന്ദ്രം സ്ഥാപിക്കാനായി കോട്ടത്തറ വില്ലേജില്‍ (ബ്ലോക്ക് നമ്പര്‍ 9, റീസര്‍വ്വേ നമ്പര്‍ 225/102) 50 സെന്റ് സ്ഥലം അനുവദിക്കാന്‍ കോട്ടത്തറ പഞ്ചായത്ത് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി, കോട്ടത്തറ ഗ്രാമപഞ്ചായത്ത്, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 69.5 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. ഇത് പൂര്‍ണ്ണമായും ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വഹിക്കും. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുകയും കോട്ടത്തറ ഗ്രാമപഞ്ചായത്ത് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യും.
പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ (കെഎസ്ഡിഎംഎ) കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അഭയകേന്ദ്രത്തിന്റെ വാര്‍ഷിക പ്രവര്‍ത്തന ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനം വഹിക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയിരിക്കുന്നത്.
പ്രകൃതിദുരന്ത സാഹചര്യങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വളര്‍ത്തുമൃഗങ്ങളെ അഭയകേന്ദ്രത്തിലേക്കു മാറ്റി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.