"ഹരിതം' ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു
1531623
Monday, March 10, 2025 5:26 AM IST
കോഴിക്കോട്: രാസലഹരിക്കെതിരേ ജാഗ്രതയോടെ പ്രവർത്തിക്കാൻ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ. കമ്പോളാധിഷ്ഠിത സാമൂഹ്യ സാഹചര്യത്തിൽ ലഹരി മരുന്നും സൈബർ കുറ്റകൃത്യങ്ങളും സമൂഹത്തെ ശിഥിലമാക്കുമെന്നും അരാജകത്വത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടന്ന "ഹരിതം' ദ്വിദിന പഠന ക്യാമ്പിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ തൊഴിലാളി സമൂഹത്തിന് ജീവിക്കാനുതകുന്ന സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുകയാണെന്നും ഇത് നിലവിലെ സാമ്പത്തിക സന്തുലനത്തെ അട്ടിമറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിലേർപ്പെടുന്ന ഭരണ സംവിധാനങ്ങളെ ശാക്തീകരിക്കണമെന്നും ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജീവനക്കാർക്കുള്ള പുരസ്കാര വിതരണം ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി. ഗോപകുമാർ നിർവഹിച്ചു. കാംസഫ് സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിച്ചു.