മയക്കുമരുന്നിനെതിരേ അവബോധവുമായി കുട്ടികളുടെ നാടകാവതരണം
1531970
Tuesday, March 11, 2025 7:30 AM IST
മുക്കം: കൗമാരക്കാര്‍ക്കിടയിലെ ആക്രമണപ്രവണതകള്, റാഗിംഗ്, മയക്കുമരുന്ന് എന്നിവ പ്രമേയമാക്കിയുള്ള പ്രൈമറി വിഭാഗം കുട്ടികളുടെ നാടകാവതരണം ശ്രേദ്ധയമായി. കുട്ടികളുടെ സര്‍ഗാത്മകത വിളിച്ചോതുന്നതും അവരുടെ സാമൂഹ്യ പ്രതിബദ്ധത വെളിപ്പെടുത്തുന്നതുമായിരുന്നു നാടകം.
അഗസ്ത്യന്മുഴി താഴക്കോട് എയുപി സ്കൂളില്‍ മുക്കം നഗരസഭയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞാറ്റക്കിളികള്‍ എന്നപേരില്‍ നഗരസഭയിലെ യുപി വിഭാഗം കുട്ടികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി നടത്തിയ നാടകക്യാമ്പിലാണ് ഏതാനും മിനിറ്റുകള്‍ കൊണ്ട് കുട്ടിക്കൂട്ടം സ്വയം രചനയും സംവിധാനവും നിര്‍വഹിച്ച് രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടുന്ന സദസിന് മുമ്പില്‍ പൊതു അവതരണം നടത്തിയത്.
പല സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികളടങ്ങിയ നാലു ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുട്ടികള്‍ നാടകക്യാമ്പില്‍ പരിശീലനം നേടിയത്. പരിശീലനത്തിനു നാടക പ്രവര്‍ത്തകനും സംവിധായകനുമായ ബിജു ചൂലൂര്‍, എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എ.വി. സുധാകരന് എന്നിവര്‍ നേതൃത്വം നല്കി.
ചടങ്ങ് മുക്കം നഗരസഭ ചെയര്മാന് പിടി ബാബു ഉദ്ഘാടനം ചെയ്തു. ഇ. സത്യനാരായണന് അധ്യക്ഷനായിരുന്നു. ഡിവിഷന് കൗണ്‍സിലര്‍ ജോഷില സന്തോഷ്, പ്രധാനാധ്യാപിക കെ.ആര്.മീവാര്‍, പിടിഎ പ്രസിഡന്റ് കെ.സോജന്, സി.ടി.നളേശന്‍, ഇ.കെ. അബ്ദുല്‍സലാം എന്നിവര്‍ സംബന്ധിച്ചു.
പരിപാടിയോടനുബന്ധിച്ച് ഇഫ്താര്‍ വിരുന്നും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. വി.അജേഷ്, കെ.സി.ഹാഷിദ്, സുനിലദേവി, എന്‍.സി രബിത, സച്ചിന് മുരുകേശ് എന്നിവര്‍ നേതൃത്വം നല്കി.