എംഡിഎംഎ പ്രതികൾ റിമാൻഡിൽ
1531616
Monday, March 10, 2025 5:26 AM IST
നാദാപുരം: ബംഗളുരുവിൽ നിന്ന് വിൽപനക്കെത്തിച്ച എംഡിഎംഎയുമായി അരൂരിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. ചേലക്കാട് ചരളിൽ ലക്ഷം വീട് ഉന്നതിയിലെ സി. അർഷാദ് (29), മൊകേരി കടത്തനാട് കല്ലിന് സമീപം താമസിക്കും കല്ലാച്ചി സ്വദേശി ഓട്ടത്താന്റവിട വീട്ടിൽ മുഹമ്മദ് അൻവർ സാദത്ത് (30), അരൂർ സ്വദേശി പിടിപിടിപ്പാൻ ചാലിൽ മുഹമ്മദലി (31) എന്നിവരെയാണ് നാദാപുരം എസ്ഐ എം.പി. വിഷ്ണുവും സബ് ഡിവിഷണൽ ഡിവൈഎസ്പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കെ എൽ 18 എഡി 6775 നമ്പർ കാറിൽ സൂക്ഷിച്ച നിലയിൽ നാല് ഗ്രാം എംഡിഎംഎയും 20 ഫ്ലിപ്പ് കവറുകളും മയക്ക് മരുന്ന് ഉപയോഗിക്കുന്നവർക്ക് നൽകാൻ സൂക്ഷിച്ച് വച്ച ഉപകരണങ്ങളും അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടികൂടി. ശനിയാഴ്ച്ച ഉച്ചയ്ക്ക് അരൂർ നടേമ്മലിന് സമീപം എറക്കുന്നുമ്മലിൽ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.
നാദാപുരം മേഖലയിൽ വിവിധ സ്ഥലങ്ങളിൽ വിൽപനക്ക് എത്തിച്ചതാണ് മയക്ക് മരുന്നെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി. അർഷാദും, മുഹമ്മദലിയും നാദാപുരം സ്റ്റേഷനിൽ എംഡിഎംഎ കേസുകളിൽ പ്രതികളാണ്. മയക്ക് മരുന്ന് കേസിൽ രണ്ട് മാസം റിമാൻഡിൽ കഴിഞ്ഞ് ഒരു മാസം മുമ്പാണ് അർഷാദ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.