കൊടിയത്തൂരിൽ നീർനായ ആക്രമണം : യുവാവിന് കടിയേറ്റു
1531615
Monday, March 10, 2025 5:26 AM IST
മുക്കം: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം തുടർകഥയാവുന്നു. കാരാട്ട് കടവിൽ കുളിക്കുകയായിരുന്ന സാദിഖി (42) നാണ് ഞായറാഴ്ച രാവിലെ കടിയേറ്റത്. തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കാരശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയൊട്ടിൽ, ചാലക്കൽ, തെയ്യത്തും കടവ്, കരാട്ട്,പുത്തൻ വീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീർനായകൾ വിഹരികുന്നത്. പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് വെള്ളത്തില്‍ ഇറങ്ങികുളിക്കുവാനോ വസ്ത്രം കഴുകുവാനോ കഴിയാത്ത അവസ്ഥയാണ്.
വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷപെടാനും സാധിക്കുന്നില്ല. നീർനായകളെ പിടിക്കാൻ വനം വകുപ്പിന്റെ ആർആർടി സംഘം കൂട് സ്ഥാപിച്ചെങ്കിലും വിജയം കണ്ടിരുന്നില്ല.