താമരമുക്ക് - തിമിരിപ്പാലം റോഡ് വികസനം; ചെമ്പനോടയുടെ സ്വപ്നം
1531614
Monday, March 10, 2025 5:26 AM IST
രാജൻ വർക്കി
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയുടെ വളർച്ചക്ക് കാരണമാകുന്ന താമരമുക്ക് -തിമിരിപ്പാലം റോഡിന്റെ വികസനത്തിനായി കാത്തിരിക്കുയാണ് മലയോരം.
പന്നിക്കോട്ടൂർ വലിയ പുഴക്ക് നിർമിക്കുന്ന തിമിരിപ്പാലത്തിന്റെ അപ്രോച്ച് റോഡായ താമരമുക്ക് തിമിരിപ്പാലം റോഡിന്റെ വീതി 4 മീറ്റർ ഉണ്ടായിരുന്നത് 8 മീറ്ററായി വർധിപ്പിക്കാൻ ഇരുവശത്തുമുള്ള അമ്പതോളം കുടുംബങ്ങൾ ഭൂമി സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന (പിഎംജിഎസ്വൈ) പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തതാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിലവാരമുള്ള റോഡായി ഉയർത്തണമെന്നാവശ്യപ്പെട്ട് ടി.പി. രാമകൃഷ്ണൻ എംഎൽഎയ്ക്ക് വാർഡ് മെമ്പർ കെ.എ.ജോസ് കുട്ടി നിവേദനം നൽകി.
ഈ റോഡിന്റെ നിർമാണം പൂർത്തീകരിച്ചാൽ വയനാട്, തൊട്ടിൽ പാലം മേഖലകളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് വേഗം പേരാമ്പ്രയിലെത്താം. ചെമ്പനോട പെരുവണ്ണാമൂഴി റോഡിൽ ഇപ്പോൾ വന്യമൃഗ ഭീഷണിയുണ്ട്.
ഇതിലെ രാത്രിയായാൽ യാത്ര ചെയ്യാൻ ജനങ്ങൾ ഭയപ്പെടുകയാണ്. താമരമുക്ക് തിമിരിപ്പാലം റോഡ് സുഗമമായാൽ ഈ പേടിക്ക് അറുതിയാകും. കുറ്റ്യാടിപ്പുഴക്ക് കുറുകെ നിർമിക്കുന്ന തിമിരിപ്പാലത്തിന്റെ പണി അതിവേഗം മുന്നേറുകയാണ്.
ഇതിന്റെ അപ്രോച്ച് റോഡായ താമരമുക്ക് വരെയുള്ള രണ്ട് കിലോമീറ്റർ പാതയുടെ പുതിയ വികസനം കൂടി വരുന്നതോടെ മലയോര മേഖലകളായ ചെമ്പനോടയുടെയും പൂഴിത്തോടിന്റെയും സമഗ്ര വികസനത്തിന് കാരണമാകും. തിമിരിപ്പാലത്തിന്റെ പണികൾ തീരുന്നതിനോടൊപ്പം ഈ റോഡിന്റെ വികസന പ്രവർത്തിയും സാക്ഷാത്ക്കരിക്കപ്പെടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വൻ മതിലുകളും ഗേറ്റുമൊക്കെ പൊളിച്ചാണ് ജനങ്ങൾ സ്ഥലങ്ങൾ നൽകിയത്. വാർഡ് മെമ്പർ കെ. എ. ജോസുകുട്ടിയാണ് റോഡ് വികസന പ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പിന്തുണ റോഡ് വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.