കാലത്തിന്റെ നിശബ്ദത ഞെട്ടിപ്പിക്കുന്നത്: വിനോദ് കെ. ജോസ്
1531603
Monday, March 10, 2025 5:07 AM IST
കോഴിക്കോട്: രാജ്യത്ത് വലിയ കൊള്ളക്കാരും കുറ്റവാളികളും നിയമത്തിന്റെ പഴുതിലൂടെയും അധികാരത്തിന്റെ ശക്തികൊണ്ടും രക്ഷപ്പെടുകയും മറുഭാഗത്ത് നിരപരാധികള്‍ വ്യാജ കുറ്റാരോപിതരായി ജയിലിലടക്കപ്പെടുകയും ചെയ്യുന്ന കാഴ്ച ഭീതിദമാണെന്ന് പ്രശസ്ത മാധ്യമ പ്രവര്ത്തകന് വിനോദ് കെ. ജോസ്.
സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിച്ച ഫാ. തോമസ് ആന്ത്രപ്പേര് അനുസ്മരണ പരിപാടിയില്‍ "അതിരുകള്‍ തീര്‍ക്കുന്ന മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യ പോരാട്ടവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
പൗരന്റെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നത് ജനാധിപത്യം ഉള്ളതുകൊണ്ടാണ്. അതിന്റെ ചുവട്ടില്‍ പോലും കത്തിവയ്ക്കപ്പെടുന്നു. മൂന്നാം ജനാധിപത്യവിരുദ്ധ തരംഗം ലോകത്തിന്റെ പല ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും വീശുന്നുണ്ട്.
പടക്കൊതിയന്മാര് കാര്‍ട്ടലുകള്‍ രൂപീകരിച്ച് വ്യക്തികളുടെ അന്തസ് ലംഘിക്കുന്നതില്‍ മല്‍സരിക്കുകയാണ്. ചെറുത്തു നില്‍പ്പിന്റെ ആദ്യപടി നമ്മള് സാധാരണ ജീവിതമല്ല നയിക്കുന്നതെന്നു തിരിച്ചറിയുകയാണെന്നും അദേഹം പറഞ്ഞു.
ഈശോസഭാ കേരള പ്രൊവിന്‍ഷല്‍ റവ.ഡോ. ഇ.പി. മാത്യു പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. എം.എഫ്. ആന്റോ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര് സുനില്‍ ജോസ്, സെബാസ്റ്റ്യന്‍ ജോണ്‍, ഗോകുല്‍നാഥ്, ഗിരീഷ് കുമാർ, അഡ്വ. ടി. ജയരാജ്, എ. രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.