ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: സിപിഎമ്മില്‍ ചേരാത്തവര്ക്കെതിരായ നടപടി പിന്‍വലിച്ച് കോണ്‍ഗ്രസ്
1531602
Monday, March 10, 2025 5:07 AM IST
കോഴിക്കോട്: ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും സസ്പെന്റു ചെയ്യപ്പെട്ടെങ്കിലും സിപിഎമ്മില്‍ ചേരാതെ ഉറച്ച നിലപാടെടുത്തവരെ പാര്‍ട്ടിയിലേക്ക് തിരികെ സ്വീകരിക്കുന്നതായും ഇവരുടെ പേരിലുള്ള സസ്പെന്ഷന് നടപടി പിന്‍വലിച്ചതായും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
സിപിഎമ്മില്‍ ചേരാത്ത ഡയറക്ടര്‍മാര്‍ ഭരണസമിതി യോഗ തീരുമാനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാല്‍ അവരെ ശാരീരികമായി കൈകാര്യം ചെയ്യുമെന്ന സിപിഎമ്മിന്റെ ഭീഷണിക്കെതിരേ നിയമപരമായും രാഷ്ട്രീയമായും പരിരക്ഷ നല്‍കും. ഭരണസമിതി യോഗം ചേരുന്നത് രാത്രിവരെ ബോധപൂര്‍വ്വം നീട്ടികൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരെയും ബാങ്ക് മിനുറ്റ്സ് ബുക്കില്‍ കൃത്രിമം നടത്തുന്നത് തടയുന്നതിനും കോണ്‍ഗ്രസ് പാര്‍ട്ടി നിയമനടപടി സ്വീകരിക്കും.
ബാങ്ക് നിയമനങ്ങളില്‍ നടന്ന അഴിമതിക്കെതിരേ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം ആവശ്യപ്പെടും. കോഴ വാങ്ങിയവരെ പൊതുജന മധ്യത്തില്‍ കൊണ്ടുവരും. സിപിഎമ്മിന് അഴിമതിയും കൊള്ളയും നടത്താനുള്ള വേദിയായി ചേവായൂര്‍ ബാങ്കിനെ മാറ്റാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.