കെ-ഫോണ്‍: റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ വിതരണം വേഗത്തിലാക്കാന്‍ നിര്‍ദേശം
1531600
Monday, March 10, 2025 5:07 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന് വിതരണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്കി സര്‍ക്കാർ. തദേശസ്ഥാപനങ്ങളില്നിന്നു ഗുണഭോക്താക്കളുടെ പട്ടിക ലഭിക്കാന്‍ കാത്തുനില്‍ക്കാതെ റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ ത്വരിതഗതിയില്‍ കണക്ഷന് നല്‍കണമെന്നാണ് കെ ഫോണ്‍ പദ്ധതി സംബന്ധിച്ചു സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇതുപ്രകാരം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ കണക്ഷന് നല്‍കും.
മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഉപഭോക്താക്കളായി പരിഗണിക്കും. അപേക്ഷകരുടെ റേഷന്‍ കാര്‍ഡിന്റെ ആധികാരികത കെ ഫോണ്‍ ലിമിറ്റഡ് ഇലക്ട്രോണിക് സംവിധാനം വഴി സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതാണ് കെ ഫോണ്‍ പദ്ധതി. ഒരു ലക്ഷം കണക്ഷനുകള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കാനാണ് തീരുമാനം. നേരത്തെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന് നല്കാന് തീരുമാനിച്ചിരുന്നു. ഇനി പ്രത്യേകമായി ആ പദ്ധതി തുടരില്ല.
പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളെയും സാമ്പത്തികമായി പിന്നാക്കം നല്കുന്നവരെയും കെ ഫോണ്‍ പദ്ധതിയുെട ഗുണഭോക്താക്കളാക്കുന്നതിന് ആദ്യഘട്ടത്തില്‍ ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 100 കുടുംബങ്ങള്‍ക്കു വീതം ആകെ 14,000 കണക്ഷനുകള്‍ സൗജന്യമായി നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
ഇതില്‍ എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 10 ശതമാനം, മൂന്നു ശതമാനം എന്നിങ്ങനെ മുന്‍ഗണന നിശ്ചയിക്കുകയും ചെയ്തിരുന്നു. ഈ മുന്‍ഗണന ഒഴിവാക്കി. പകരം എസ്.സി, എസ്ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന മാത്രമാക്കി. 14000 കണക്ഷനുകളില്‍ ശേഷിക്കുന്നവ അപേക്ഷ ലഭ്യമാക്കാതെ തന്നെ അടിയന്തരമായി പുതിയ കണക്ഷനുകളോടൊപ്പം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
കെ ഫോണിന് ഏറ്റവും കൂടുതല്‍ കണക്ഷനുകളുള്ളത് മലബാറിലാണ്. വീടുകളിലൂം സ്വകാര്യ സ്ഥാപനങ്ങളിലുമടക്കം കേരളത്തില്‍ മൊത്തം 52,463 വാണീജ്യ കണക്ഷനുകളാണുള്ളത്. ഇതില്‍ 26,966 ഉപഭോക്താക്കള്‍ മലബാറിലാണ്.
മലപ്പുറം ജില്ലയില്‍ മാത്രം 11,894 വീട്ടുകണക്ഷനുകളുണ്ട്. കേരളത്തിലെമ്പാടുമായി 75,810 കെ ഫോണ്‍ കണക്ഷന് നല്കാനായിട്ടുണ്ട്. 23,347 സര്‍ക്കാര്‍ ഓഫീസുകളില്‍ കെ ഫോണ്‍ കണക്ഷന് എത്തിയെന്നാണ് കണക്ക്. 2024 മാര്‍ച്ചിലാണ് വാണീജ്യ കണക്ഷന് വിതരണം ആരംഭിച്ചത്.