കോഴിക്കോടിന്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ് വിദ്യാർഥികൾ കുറ്റിച്ചിറയിൽ
1514666
Sunday, February 16, 2025 4:38 AM IST
കോഴിക്കോട്:നൂറ്റാണ്ടുകളായി അറബ് നാടുകളുമായി സുദൃഢമായ വ്യാപാര - വാണിജ്യ - സാംസ്കാരിക ബന്ധം നിലനിർത്തിപ്പോരുന്ന കോഴിക്കോടിന്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ് വിദ്യാർഥികളുടെ പഠനയാത്ര ശ്രദ്ധേയമായി.
ഒരാഴ്ചക്കാലത്തെ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പ്രൊഫഷണൽ അറബി ഭാഷാ പരിശീലനത്തിന് വേണ്ടി മാങ്കാവിൽ പ്രവർത്തിക്കുന്ന അക്കാദമി ഓഫ് എക്സലൻസിൽ എത്തിച്ചേർന്ന തമിഴ്നാട്ടിലെ അറിയപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ തിരുച്ചിറപ്പള്ളി ജമാൽ മുഹമ്മദ് കോളേജിലെ 35 വിദ്യാർഥികൾക്ക് സിയസ്കോ ഭാരവാഹികൾ കുറ്റിച്ചിറയിൽ സ്വീകരണം നൽകി.
ഇൻഡോ അറബ് ഹെറിറ്റേജ് വാക്ക് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. സിയസ്കോ ലൈബ്രറി, എജ്യുക്കേഷൻ വിങ്ങുകളുടെ സഹകരണത്തോടെ അക്കാദമി ഓഫ് എക്സലൻസ്, ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക് കോളേജ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.