സമുദായം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാന് സ്ത്രീകൾ മുന്നിട്ടിറങ്ങണം:ബിഷപ്
1514663
Sunday, February 16, 2025 4:38 AM IST
കോഴിക്കോട്: സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് ധീരതയോടെ മുന്നിട്ടിറങ്ങാനുള്ള ദൗത്യം സമുദായത്തിലെ സ്ത്രീകൾക്കുണ്ടെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
താമരശേരി മാർ മങ്കുഴിക്കരി മെമ്മോറിയൽ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപതയുടെ വിമൻസ് കൗൺസിൽ സമ്മേളനം ദെബോറ മീറ്റ് 2k25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താമരശേരി രൂപതയിലെ സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് പുത്തൻ ചുവടുവയ്പാണ് ഈ വനിതാ സമ്മേളനമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
താമരശേരി രൂപതയിലെ കത്തോലിക്കാ കോൺഗ്രസിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച വനിതാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സ്ത്രീ ശാക്തീകരണം സമുദായ പുരോഗതിക്ക് എന്ന വിഷയത്തെക്കുറിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസലിസ് സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു.
വനിതാ സംരംഭകത്വത്തിന്റെ സാധ്യതകളെക്കുറിച്ച് മെൽവിൻ സിറിയക്കും, വനിതാ സഹകരണ സംഘങ്ങളെ കുറിച്ച് റിട്ട. ജോയിന്റ് രജിസ്ട്രാർ എം.പി. ജോസഫും, സമുദായ ശാക്തീകരണത്തിന് വനിതാ നേതൃത്വത്തിന്റെ പ്രസക്തി എന്നതിനെ അധികരിച്ച് ഡോ. ചാക്കോ കാളംപറമ്പിലും ക്ലാസുകൾ നയിച്ചു.
ക്രൈസ്തവ സ്ത്രീകൾ കേവലം വീടുകളിലും തൊഴിലിടങ്ങളിലും മാത്രം ഒതുങ്ങി നിൽക്കേണ്ടവർ അല്ലെന്നും അവർ സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളിൽ നേതൃത്വം നൽകേണ്ടവരാണെന്നും കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടെത്തൽ, രൂപത ട്രഷറർ സജി കരോട്ട്, വൈസ് പ്രസിഡന്റുമാരായ അൽഫോൻസ മാത്യു, ഷില്ലി സെബാസ്റ്റ്യൻ, വിമൻസ് കൗൺസിൽ രൂപത കോർഡിനേറ്റർ ദീപ റെജി, പൗളിൻ മാത്യു എന്നിവർ നേതൃത്വം നൽകി.