മുക്കത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് രണ്ട് വർഷം : സമരത്തിനിറങ്ങി നഗരസഭയിലെ ഇടതുമെമ്പർമാരും
1514658
Sunday, February 16, 2025 4:38 AM IST
മുക്കം: മുക്കം ടൗണിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടു.വ്യാപാരികളും ടൗണിന് സമീപത്തെ ജനങ്ങളും ദുരിതമനുഭവിക്കാൻ തുടങ്ങി കാലങ്ങളായിട്ടും യാതൊരു പരിഹാരവും കാണാൻ തയ്യാറാവാത്ത വാട്ടർ അതോറിറ്റിയുടെ നടപടിക്കെതിരെ ഒടുവിൽ മുക്കം നഗരസഭയിലെ ഇടത് കൗൺസിലർമാർക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു.
ഇതിന്റെ ഭാഗമായി നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ചെയര്മാന് പി.ടി ബാബുവിന്റെ നേതൃത്വത്തില്‍ കൊടുവള്ളി വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയറുടെ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. .കുടിവെള്ള വിതരണം മുടങ്ങിയതുമൂലം മുക്കം അങ്ങാടിയിലെ നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും പ്രതിദിനം മുക്കത്തെത്തുന്ന ആയിരക്കണക്കിന് ജനങ്ങളുമുള്പ്പെടെയുള്ളവര് തീരാദുരിതത്തില്‍ ആയിരിക്കുകയാണന്ന് കൗൺസിലർമാർ പറഞ്ഞു.
അങ്ങാടിയിൽ നിലവിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈന് വളരെ പഴക്കമുള്ളതും ടൗണില്‍ റോഡ് വികസനം നടപ്പാവുന്നതിനും ഏറെ നാള് മുമ്പ് സ്ഥാപിച്ചതുമാണ്.
ഇത് റിപ്പയര്‍ ചെയ്യുന്നതിന് പ്രായോഗികമായ പ്രയാസങ്ങള്‍ നിരവധിയാണ്. മാത്രമല്ല, അനുദിനം വികസിച്ചുവരുന്ന മുക്കം അങ്ങാടിയുടെ കുടിവെള്ളപ്രശ്നങ്ങള്പരിഹരിക്കുന്നതിന് ഇപ്പോഴുള്ള സംവിധാനങ്ങള്‍ അപര്യാപതവുമാണന്നും കൗൺസിലർമാർ പറഞ്ഞു.
മുക്കം അങ്ങാടിയുടെ സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്തരീതിയില്‍ നിലവിലുള്ള റോഡരികിലെ ഡ്രൈനേജ് സംവിധാനം വഴിയോ കടകള്‍ക്കു പിറകിലൂടെയോ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചുകൊണ്ട് കുടിവെള്ളമെത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് കൗണ്‍സിലര്‍മാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സമരത്തിന് നഗര സഭ ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി ചാന്ദ്നി, സ്റ്റാന്‍ഡിംഗ്കമ്മറ്റി ചെയര്മാന്മാരായ ഇ. സത്യനാരായണന് , വി. കുഞ്ഞന്‍ , കൗണ്‍സിലര്‍മാരായ എ. കല്യാണിക്കുട്ടി, എം.വി.രജനി, ജോഷില സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.