സംസ്ഥാന ഭരണം കുത്തഴിഞ്ഞ പുസ്തകം: മുല്ലപ്പള്ളി
1514651
Sunday, February 16, 2025 4:22 AM IST
കോഴിക്കോട്: സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണെന്നും കുത്തഴിഞ്ഞ നിലയിലാണ് സര്‍ക്കാര്‍ കാര്യങ്ങളെന്നും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഭരണത്തിന്റെ കടിഞ്ഞാന്‍ മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. സിപിഎമ്മിനെ സംബന്ധിച്ച് മൂലധന താത്പര്യം മാത്രമാണ് ഇന്നുള്ളത്. ഒരുകാലത്ത് സ്വകാര്യ സര്‍വകലാശാലയുടെ പേരില്‍ കോലാഹലമുണ്ടാക്കിയ സിപിഎം ഇന്ന് സ്വകാര്യ, വിദേശ സര്‍വകലാശാലകളെ പ്രോത്സാഹിപ്പിക്കുകയാണ്.
ടി.പി ശ്രീനിവാസനെപ്പോലെ ഒരു നയതന്ത്രജ്ഞനെ അടിച്ചുവീഴ്ത്താന്‍ എസ്എഫ്ഐക്കാര്‍ക്ക് നിര്‍ദേശം കൊടുത്ത പാര്‍ട്ടി ഇന്ന് സ്വകാര്യ പ്രേമം കാട്ടുന്നതിന് പിന്നില്‍ സാമ്പത്തിക ലാഭം മാത്രമാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചുവരവ് നടത്താന്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പുതിയ ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമാക്കിയ വേഗമെന്ന് എം.കെ രാഘവന് എംപി അഭിപ്രായപ്പെട്ടു. ഷാഫി പറമ്പില്‍ എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.ജയന്ത്,പി.എം. നിയാസ് എന്നിവര്‍ പ്രസംഗിച്ചു.