പച്ചക്കറിയിൽ പുതു പ്രതീക്ഷ : കാർഷിക സർവകലാശാലയിൽനിന്നും പുറത്തിറക്കിയ 89 പച്ചക്കറി ഇനങ്ങളിൽ പത്തെണ്ണം ഹൈബ്രിഡുകള്
1514650
Sunday, February 16, 2025 4:22 AM IST
കോഴിക്കോട്: പച്ചക്കറിയിൽ പുതു പ്രതീക്ഷയായി കെഎയു ഹൈബ്രിഡ് വിത്തുകൾ. പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിൽ കേരള കാർഷിക സർവകലാശാലയിൽനിന്നും പുറത്തിറക്കിയ ഹൈബ്രിഡ് ഇനങ്ങളുടെ പ്രാധാന്യം മന്ത്രി പി. പ്രസാദാണ് നിയമസഭയിൽ വ്യക്തമാക്കിയത്.
കാർഷിക സർവകലാശാലയിൽനിന്നും പുറത്തിറക്കിയ 89 പച്ചക്കറി ഇനങ്ങളിൽ പത്തെണ്ണം ഹൈബ്രിഡുകൾ ആണ്. ഈ ഹൈബ്രിഡുകളുടെ വിത്തുല്പാദനം നടത്തുന്നതിനായി പ്രത്യേക പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. തദ്ദേശീയമായ പച്ചക്കറികളുടെ ജനിതക വൈവിധ്യത്താൽ സമ്പന്നമാണ് കേരളം.
കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ മിക്ക പച്ചക്കറി ഇനങ്ങളും കേരളത്തിലെ നാടൻ ഇനങ്ങളിൽനിന്നും വികസിപ്പിച്ചവയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരള കാർഷിക സർവകലാശാലയിലെ വെള്ളാനിക്കരയിൽ ഉള്ള പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽനിന്നും ഡോ .പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ വെള്ളരി വർഗവിളകളിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഹൈബ്രിഡ് വിത്തുകൾ പുറത്തിറക്കിയിട്ടുണ്ട്.
കുരുവില്ലാത്ത തണ്ണിമത്തൻ ഹൈബ്രിഡുകൾ ആയ സ്വർണ്ണയും ശോണിമയും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇന്ന് ഇന്ത്യയിൽ കേരള കാർഷിക സർവകലാശാലയിൽനിന്നും മാത്രമേ കുരുവില്ലാത്ത തണ്ണിമത്തൻ ഹൈബ്രിഡുകളുടെ വിത്തുകൾ വിതരണം ചെയ്യുന്നുള്ളൂ. പുതിയതായി വികസിപ്പിച്ച കുരുവില്ലാത്ത ഓറഞ്ച് തണ്ണിമത്തൻ, ഈ ഗവേഷണ രംഗത്തു കേരള കാർഷിക സർവകലാശാലയുടെ മികവിന് ഉദാഹരണമാണ് .
ഇവയുടെ വിത്ത് ഉല്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കേരള കാർഷിക സർവകലാശാല സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൈമാറിയിട്ടുണ്ട്.
വെള്ളരി വർഗ വിളകളിൽ അത്യപൂർവ്വമായ പരാഗ വന്ധ്യത എന്ന പ്രതിഭാസം ഉപയോഗിച്ച് പീച്ചിങ്ങയിൽ കെആര്എച്ച്-1 എന്ന ഹൈബ്രിഡ് വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗൈനീഷ്യസ് ( പെൺ ചെടികൾ ) സാങ്കേതികവിദ്യ ഉപയോഗിച്ച് കക്കരിയിലും പാവലിലും നാല് ഹൈബ്രിഡുകൾ കേരള കാർഷിക സർവകലാശാലയിൽനിന്നും പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും പുതിയതായി പാവലിൽ പുറത്തിറക്കിയ പ്രജനിയും പ്രഗതിയും ഹൈബ്രിഡുകളാണ്.