ഗൗരവമുള്ള ശാസ്ത്ര പരിപാടികള്‍ക്കായി മാധ്യമങ്ങള്‍ സമയം കണ്ടെത്തണം: മുഖ്യമന്ത്രി
1514649
Sunday, February 16, 2025 4:22 AM IST
കോഴിക്കോട്: ശാസ്ത്രത്തിന്റെ ജനകീയവത്കരണം കാലത്തിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശാസ്ത്ര മനോഭാവം വളര്‍ത്തിയെടുക്കാനുള്ള കാര്യക്ഷമമായ ഉപാധിയും ശാസ്ത്രത്തിന്റെ ജനകീയ വത്കരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കുന്ദമംഗലം സിഡബ്ല്യുആര്‍ഡിഎമ്മില്‍ സംഘടിപ്പിച്ച ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര മുന്നേറ്റത്തിനായുള്ള കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടും സമൂഹത്തിന്റെ ശാസ്ത്ര മനോഭാവം ഉയരുന്നതായി കാണുന്നില്ല. നരബലി പോലുള്ള അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ ഇന്നും നടക്കുന്നു. ശാസ്ത്ര സംബന്ധമായ അറിവുകള്‍ പലപ്പോഴും അക്കാദമിക തലങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു എന്നത് ശാസ്ത്രലേകം ഗൗരവമായി ഏറ്റെടുക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (കെഎസ്സിഎസ്ടിഇ)-ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ അതിഥി ഗൃഹ-ട്രെയിനി ഹോസ്റ്റല്‍ സമുച്ചയത്തിന്റെയും കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് സ്റ്റുഡന്റ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും ജലശേഖരണ-വിവര വിനിമയ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
ശാസ്ത്ര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും മാത്രമുള്ളകതാണ് എന്ന ചിന്താഗതി പൊളിച്ചെഴുതണം. ജനകീയ കലകള്‍ പോലെ ഏവര്‍ക്കും പ്രാപ്യമാകുന്ന വിധം ശാസ്ത്രം പ്രചരിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റേടുക്കാന്‍ ശാസ്ത്രസമൂഹത്തിന് കഴിയണമെന്നുംകൂടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിഡബ്ല്യുആര്ഡിഎംല് പുതുതായി നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
പുതുതായി തയ്യാറാക്കിയ എക്സിബിഷന് ഹാളിന്റെ ഉദ്ഘാടനം എം.കെ. രാഘവന് എംപി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു.