ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവം : ഉത്സവങ്ങളില്‍ ആന നിര്‍ബന്ധമാണോ എന്ന് പുനരാലോചിക്കേണ്ട സമയം: മന്ത്രി ശശീന്ദ്രന്
1514648
Sunday, February 16, 2025 4:22 AM IST
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സ്ഥലത്ത് മന്ത്രി എ.കെ. ശശീന്ദ്രന് എത്തി. ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി മരണമടഞ്ഞവരുടെ വീടുകളിലും എത്തി. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. മരണപ്പെട്ട അമ്മുക്കുട്ടിഅമ്മയുടെയൂം ലീലയുടെയും വീടുകളിലാണ് മന്ത്രി എത്തിയത്.നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. ഷിജു, അംഗം പ്രഭ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
രാവിലെ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ക്ഷേത്രഭാരവാഹികളുമായി ചര്‍ച്ച നടത്തി. നഗരസഭാ ചെയര്‍ പേഴ്സണ്‍ സുധകിഴക്കെപ്പാട് മന്ത്രിക്ക് വിശദമായ റിപ്പോര്ട്ട്നല്കി. സ്ഥലം എംഎല്‍എയുടെ നിര്‍ദേശങ്ങളും മന്ത്രിക്ക് നല്കി.
ആനയിടഞ്ഞ സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാട്ടാന പരിപാലന നിയമലംഘനം ഉണ്ടെന്ന് കണ്ടാല്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഉത്സവങ്ങളില്‍ ആന നിര്‍ബന്ധമാണോ എന്ന് പുനരാലോചിക്കേണ്ട സമയമായിട്ടുണ്ട്.
ഈ പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവരും. ഇന്നു വൈകീട്ട് ഇത് സംബന്ധിച്ചുളള കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സമഗ്രമായ ചര്‍ച്ച നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഷെനിത്ത് പറഞ്ഞു. മരണമടഞ്ഞവര്‍ക്ക് ദേവസ്വം ബോര്‍ഡില്‍നിന്നും നല്കാന് കഴിയുന്ന സഹായം ലഭ്യമാക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചാണ് ഉത്സവം നടത്തിയതെന്നും അദേഹം മന്ത്രിയോടു പറഞ്ഞു.