മലയോരത്തിന് ആവേശമായി കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് ഉദ്ഘാടനം
1514647
Sunday, February 16, 2025 4:22 AM IST
കൂടരഞ്ഞി: പൊരിവെയിലിലും മലയോരത്തെ ജനത കാത്തിരുന്നു. എറെ നാളത്തെ കാത്തിരിപ്പ് യാഥാര്‍ഥ്യമാകാന്‍. കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിന്റെ ഉദ്ഘാടനവും മലപ്പുറം- കോടഞ്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചപ്പോള് വലിയ സ്വപ്നമാണ് മലയോരത്തിന് പൂവണിഞ്ഞത്. ഹൈവേ ഉദ്ഘാടനം ഉള്‍പ്പെടെ ഏഴ് പരിപാടികളാണ് ജില്ലയില്‍ മുഖ്യമന്ത്രിക്കുണ്ടായിരുന്നത്.
പക്ഷെ അതിനൊന്നും ലഭിക്കാത്ത കരഘോഷവും ആവേശവും മലയോരത്ത് ദൃശ്യമായിരുന്നു. ഹൈവേ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി നിര്‍മാണം പൂര്‍ത്തിയായ ഭാഗം കണ്ടശേഷമാണ് വേദിയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ലിന്റോ ജോസഫ് എംഎല്‍എയുടെയും വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടിയായിരുന്നു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും മലയോരങ്ങളെ ബന്ധിപ്പിച്ച് ഇത്തരമൊരു പാത ഉണ്ടാകില്ലെന്നുംകാർഷിക- ടൂറിസം മേഖലയ്ക്ക് ഇതിലൂടെ വലിയ കുതിപ്പാണ് ഉണ്ടാകാൻ പോകുന്നതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
വികസനം നടപ്പാക്കാൻ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തിന് ശേഷം കേരള സര്‍ക്കാര്‍ തുടര്‍ന്ന് പോരുന്ന വികസനനയങ്ങള്‍ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി സദസിനെ ആവേശത്തിലാഴ്ത്തി.അയ്യായിരത്തോളം പേരാണ് ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കാന്‍ എത്തിയത്.
ലിന്റോ ജോസഫ് എംഎൽഎ, മുൻ എംഎൽഎ ജോർജ്. എം. തോമസ്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സൺ, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ എം. അശോക് കുമാർ, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ പ്രസംഗിച്ചു.
34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റീച്ചിന്റെ നിർമാണം കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയത്.