ജില്ലാ പഞ്ചായത്ത് യു ട്യൂബ് ചാനലിനായി പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ ഒരുങ്ങുന്നു
1514343
Saturday, February 15, 2025 4:29 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ല പഞ്ചായത്ത് ആരംഭിക്കാനിരിക്കുന്ന യു ട്യൂബ് ചാനല്‍ പി ടോക്ക് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ ഒരുങ്ങുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.സി. പ്രമോട്ടര്‍മാര്‍, സാക്ഷരത പ്രേരകുമാര്‍, യുവജനക്ഷേമ പ്രമോട്ടര്‍മാര്‍ തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം പേര്‍ക്ക് വാര്‍ത്താശേഖരണത്തിലും അവതരണത്തിലും ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പരിശീലനം സംഘടിപ്പിച്ചു.
ജില്ല പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് അധ്യത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വികസനോന്മുഖ പ്രവര്‍ത്തനങ്ങളും പദ്ധതികളും സേവനങ്ങളും ഫലപ്രദമായി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി ടോക്ക് യൂ ട്യൂബ് ചാനല്‍ ആരംഭിക്കുന്നത്.
വികസനോന്മുഖ മാധ്യമപ്രവര്‍ത്തനത്തില്‍ പ്രാദേശിക റിപ്പോര്‍ട്ടിംഗിന്റെ പ്രസക്തി, വാര്‍ത്താ മുറിയിലെ നിര്‍മാണ പ്രക്രിയ, സ്ക്രീന്‍ടൈം വായന, സോഷ്യല്‍ മീഡിയ കാലത്തെ മൊബൈല്‍ ജേണലിസം, വാര്‍ത്തകളുടെ ആധികാരികത എന്നിവയില്‍ ദീപക് ധര്‍മ്മടം, റജി ആര്. നായര്‍, യുവ എഴുത്തുകാരി ഇ. അഭിരാമി, പി.വി. കുട്ടന്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അമിയ മീത്തല്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു.