മലയോര ഹൈവേ: കോടഞ്ചേരി-കക്കാടംപൊയില്‍ റീച്ച് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1514338
Saturday, February 15, 2025 4:29 AM IST
മുക്കം: ഗതാഗതസജ്ജമായ മലയോര ഹൈവേയുടെ കോടഞ്ചേരി-കക്കാടംപൊയില്‍ റീച്ച് റോഡ് ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകുന്നേരം മൂന്നിന് കൂടരഞ്ഞിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ലിന്റെ ജോസഫ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. 34.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്ക് 12 മീറ്റര്‍ വീതിയുണ്ട്. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് ടാറിംഗ് നടത്തിയത്. തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ വരുന്ന കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയില്‍, എലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കല്‍, കരിങ്കുറ്റി, പോസ്റ്റ് ഓഫീസ് ജംഗ്ഷന്, കൂമ്പാറ, മേലേ കൂമ്പാറ, താഴെ കക്കാട്, കക്കാടംപൊയില്‍ വഴിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്.
കിഫ്ബി ധനസഹായത്തോടെ 212.2 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം നടത്തിയത്. മലയോര ഹൈവേയുടെ തുടര്‍ച്ചയായ മലപ്പുറം - കോടഞ്ചേരി റീച്ചിന്റെ പ്രവര്‍ത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കാസര്‍കോട് നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം പാറശാല വരെ നീളുന്നതാണ് പാത. 212 കോടിക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കോടഞ്ചേരി-കക്കാടംപൊയില്‍ റീച്ച് കരാര്‍ എടുത്തത്.
ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ അലൈന്മെന്റ് തയ്യാറാക്കാതിരുന്ന മേലെ കൂമ്പാറ - ആനക്കല്ലുംപാറ അകമ്പുഴ- താഴെ കക്കാട് റോഡ് ഗ്രാമീണ റോഡിലുള്പ്പെടുത്തി ഉടന്‍ നവീകരിക്കുമെന്നും, ഇതിനായി കിഫ്ബി 26.25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.