വര്‍ധിക്കുന്ന ലഹരി ഉപയോഗം സാമൂഹ്യവിപത്ത്: മന്ത്രി
1514337
Saturday, February 15, 2025 4:29 AM IST
കോഴിക്കോട്: വര്‍ധിക്കുന്ന ലഹരി ഉപയോഗത്തെ സാമൂഹ്യ വിപത്തായി കണ്ട് കൂട്ടായ പരിശ്രമത്തിലൂടെ ചെറുത്തു തോല്‍പ്പിക്കണമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കുന്നമംഗലം എക്സൈസ് റേഞ്ച് ഓഫീസിന്റെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഹരി മാഫിയയെ പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്.
അതുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനമായി കേരളം മാറിയത്. 98 ശതമാനമാണ് കേരളത്തിലെ ശിക്ഷാനിരക്ക്. ഏറ്റവും ഉയര്‍ന്ന ലഹരി ഉപയോഗമുള്ള സംസ്ഥാനങ്ങളില്‍ ഇത് 25 ശതമാനം മാത്രമാണ്. ലഹരി ഉപയോഗത്തില്‍ അകപ്പെട്ടുപോകുന്ന പുതുതലമുറയെ അതില്‍നിന്ന് മോചിപ്പിച്ച് കൈപിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വെസ്റ്റ് ചാത്തമംഗലത്ത് നടന്ന ചടങ്ങില്‍ പി.ടി.എ. റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി ബജറ്റ് തുകയില്‍ നിന്നും 1.5 കോടി രൂപയാണ് വകയിരുത്തിയത്. പുതിയ എക്സൈസ് റേഞ്ച് ഓഫീസ് വരുന്നതോടു കൂടി വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിക്കും.
ചെത്തുകടവ് പാലത്തിനടുത്ത് നിലവിലുള്ള റവന്യൂ ഭൂമിയില്‍ ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 433 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ രണ്ട് നിലകളും സ്റ്റെയര്‍ റൂമുകളും അടങ്ങിയ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഡൈനിംഗ് ഹാള്‍ സൗകര്യവും ഒന്നാം നിലയില്‍ ഓഫീസ് സൗകര്യവും ഉള്‍പ്പെടുത്തിയാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുളളത്.
അലവി അരിയില്‍, ഓളിക്കല്‍ ഗഫൂര്‍, ശിവദാസന്‍ നായര്‍, എം.കെ. അജീഷ്, എന്‍.ശ്രീജയന്‍,എക്സൈസ് കമ്മീഷണര്‍ മഹിപാല്‍യാദവ്, ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ കെ.എസ്. ഷാജി എന്നിവര്‍ പങ്കെടുത്തു.