കാട്ടുപന്നിക്കും കാട്ടാനക്കും പുറമെ പുലിയും : വന്യജീവി ശല്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട് കിഴക്കന്‍ മലയോര മേഖല
1514334
Saturday, February 15, 2025 4:29 AM IST
മുക്കം: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ വന്യജീവികളെ പേടിച്ച് പുറത്തിറങ്ങാനാവാതെ ജനങ്ങള്‍ ഭീതിയില്‍. കാട്ടുപന്നിക്കും കാട്ടാനക്കും പിന്നാലെ പുലിയാണിപ്പോള് മലയോര ജനതയുടെ ഉറക്കം കെടുത്തുന്നത്. കൂടരഞ്ഞി, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ കൂടാതെ കാരശേരിയിലും പുലി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. കൂടരഞ്ഞിയില്‍ കഴിഞ്ഞ ദിവസം പുലി സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
പുലി ഭീതി നിലനില്‍ക്കുന്നതിനാല്‍ കൊച്ചു കുട്ടികളെ അതിരാവിലെ മദ്രസയില്‍ അയക്കാനോ ആളുകള്‍ക്ക് റബര്‍ ടാപ്പിംഗിനോ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അതിരാവിലെ നടക്കാനിറങ്ങുന്നവരും മെക് സെവന്, ജിംനേഷ്യം എന്നിവിടങ്ങളില്‍ വ്യായാമത്തിന് പോകുന്നവരും ഭീതിയില്‍ തന്നെയാണ്.
കാരശേരി വല്ലത്തായ് പാറയില്‍ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കഴിഞ്ഞ ആഴ്ചയാണ് കണ്ടത്. ഇതോടെ വനംവകുപ്പ് ആദ്യം ഒരു കാമറയും പിന്നീട് മറ്റൊരു കാമറയും സ്ഥാപിച്ചങ്കിലും ഒന്നും കണ്ടത്താനായില്ല. രാത്രിയും പകലും തെരച്ചിലും നടക്കുന്നുണ്ട്.
അതിനിടെയാണ് വ്യാഴാഴ്ച രാത്രി പാറത്തോട് അജ്ഞാത ജീവി വളര്‍ത്തുനായയെ പിടിച്ചുകൊണ്ടുപോയത്. ഏബ്രഹാം കൊച്ചുപുരയ്ക്കല്‍ എന്ന അവറാച്ചന്റെ വളര്‍ത്തു നായയെയാണ് വ്യാഴാഴ്ച രാത്രി 10 മണിയോടെ കടിച്ചു കൊണ്ട് പോയത്. പുലിയാണെന്നാണ് നാട്ടുകാരുടെ സംശയം.
12 മണിയോടെ കുട്ടിക്കുന്ന് പ്രദേശത്ത് പുലിയെ കണ്ടതായി മുനീര്‍ എന്നയാളും പറയുന്നു. ഇതോടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. കഴിഞ്ഞ ദിവസം വല്ലത്തായിപാറയില് പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇത് കാട്ടുപൂച്ചയെന്നാണ് വനം വകുപ്പ് പറയുന്നത്.