കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: 28ന് യോഗം ചേരും
1514031
Friday, February 14, 2025 3:46 AM IST
കൂരാച്ചുണ്ട്: ഭരണ പ്രതിസന്ധിയിലായ കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി 28ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. ഇതിന്റെ വരണാധികാരിയായി കൂരാച്ചുണ്ട് കൃഷിഭവൻ ഓഫീസറെ ചുമതലപ്പെടുത്തികൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചു. മുസ്ലിം ലീഗുമായുള്ള മുൻ ധാരണപ്രകാരം പ്രസിഡന്റ് പദവി ഒഴിഞ്ഞുനൽകാൻ ഡിസിസി നിർദേശിച്ചിട്ടും പദവി വിട്ടുനൽകാത്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിനെതിരേ മുസ്ലിംലീഗ് അവിശ്വാസപ്രമേയം നൽകുകയായിരുന്നു.
പ്രമേയത്തെ അനുകൂലിക്കാൻ കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി വിപ്പ് നൽകുകയും ചെയ്തതോടെ പ്രസിഡന്റായിരുന്ന പോളി കാരക്കട പുറത്താകുകയായിരുന്നു. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡിസിസിയുടെ തീരുമാനപ്രകാരം കോൺഗ്രസ് ലീഗുമായി ചേർന്ന് യുഡിഎഫ് സംവിധാനത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം.
എന്നാൽ ലീഗിന് പ്രസിഡന്റ് പദവി നൽകാതെ കോൺഗ്രസിലെ മറ്റൊരു അംഗത്തിന് പ്രസിഡന്റ് പദവി നൽകണമെന്നാണ് കോൺഗ്രസിലെ മറുപക്ഷം ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് കെപിസിസിക്കും പരാതി നൽകിയിട്ടുണ്ട്. 28 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത പ്രസിഡന്റായിരുന്ന പോളി കാരക്കയുടെ നിലപാട് ഏറെ നിർണായകമാകും.