സാൻജോ പ്രതീക്ഷാ ഭവൻ സ്പെഷൽ സ്കൂൾ ജൂബിലി സമാപിച്ചു
1514030
Friday, February 14, 2025 3:46 AM IST
തിരുവമ്പാടി: തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളിൽ നിരവധി പദ്ധതികൾ ജൂബിലി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കി. കുട്ടികൾ നിർമിച്ച തനതു വിഭവങ്ങളുടെ എക്സിബിഷൻ, കലാമേള, ഗ്രാന്റ് പേരന്റ്സ് ഡേ, മെഡിക്കൽ ക്യാന്പ്, കൃതജ്ഞതാബലി എന്നിവ നടത്തി. ജൂബിലി സ്മാരകമായി നിർമിച്ച ഇൻഡോർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ നിർവഹിച്ചു.
ആലുവ കാർമൽ ജനറലേറ്റ് കൗൺസിലർ സിസ്റ്റർ അനുപമ മാത്യൂസ്, പ്രൊവിൻഷ്യൽ സുപ്പീരിയർ പവിത്ര റോസ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, എഇഒ ടി. ദീപ്തി, സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ആൻ ഗ്രെയ്സ്, പഞ്ചായത്ത് അംഗം പി. ബീന, ജോഷി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.