ഡിവൈഎഫ്ഐ മാർച്ച് നടത്തേണ്ടത് എംഎൽഎ ഓഫീസിലേക്ക്: ദിവ്യ ഷിബു
1514026
Friday, February 14, 2025 3:42 AM IST
കൊടിയത്തൂർ: വഞ്ചനയുടെ നാലു വർഷങ്ങൾ എന്ന മുദ്രാവാഖ്യമുയർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തേണ്ടത് എംഎൽഎ ഓഫീസിലേക്കാണെന്ന് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവർ പറഞ്ഞു. മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ സംസ്ഥാന സർക്കാരിനെതിരേ മുഴുവനാളുകളും രംഗത്ത് വരുമ്പോൾ പ്രവർത്തകരെ പിടിച്ചു നിർത്താനായി പഞ്ചായത്തിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
നേരത്തെ സിപിഎം നടത്തിയ സമരങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞപ്പോൾ ഇപ്പോൾ ആ ദൗത്യം ഡിവൈഎഫ്ഐ ഏറ്റെടുത്തങ്കിലും കൊടിയത്തൂരിലെ ജനങ്ങൾ ഈ സമരവും തള്ളിക്കളഞ്ഞിരിക്കുകയാണ്.
സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ഫണ്ട് നൽകാതെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയാണ് ഉള്ളത്. ജൽ ജീവൻ മിഷൻ കരാറുകാർക്ക് കോടികൾ കുടിശിക വരുത്തിയതോടെ അവർ പൊളിച്ചിട്ട റോഡുകൾ പൂർവസ്ഥിതിയിലാക്കാത്ത അവസ്ഥയാണ്. ഇതിന് പഞ്ചായത്തിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലന്നും അവർ പറഞ്ഞു.
പഞ്ചായത്തിലെ അർഹരായനിരവധി പേർ പെൻഷൻ ലഭിക്കാതെ ദുരിതത്തിലാണന്ന കാര്യത്തിൽ സംശയമില്ല. അതിന് കാരണം പെൻഷൻ മസ്റ്ററിംഗിലെ പ്രശ്നങ്ങളാണ്. ഇത് പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പുകളുമാണ്. ഇത് പോലും അറിയാത്തവരാണോ ഡിവൈഎഫ്ഐ പ്രവർത്തകരെന്നും കിഫ്ബി റോഡുകൾക്ക് പോലും ടോൾ പിരിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാരിനെതിരായ ജനരോഷം പിടിച്ചു നിർത്താൻ നടത്തുന്ന തട്ടിപ്പ് സമരങ്ങളാണിതെന്നും പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവർ പറഞ്ഞു.