രക്തസാക്ഷികളുടെ കുടുംബത്തോട് സിപിഎം മാപ്പ് പറയണം: കെ. മുരളീധരൻ
1514025
Friday, February 14, 2025 3:42 AM IST
കാക്കൂർ: കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിന് മുമ്പ് രക്തസാക്ഷികളോടും അവരുടെ കുടുംബത്തോടും സിപിഎം മാപ്പു പറയണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ ആവശ്യപെട്ടു.
ലീഡർ സ്റ്റഡി സെന്റർ കാക്കൂർ സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണവും ഡയാലിസിസ് കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നത് നല്ല കാര്യമാണെങ്കിലും കെ. കരുണാകരന്റെ കാലം മുതലുള്ള യുഡിഎഫ് സർക്കാറുകൾ ഇക്കാര്യങ്ങൾ ആലോചിച്ചപ്പോൾ സിപിഎം രക്തസാക്ഷികളെ സൃഷ്ടിച്ച് കേരളത്തിന്റെ മുന്നേറ്റത്തെ തടയുകയാണ് ചെയ്തത്.
അവസാനമായി മരിച്ച പുഷ്പനെയെങ്കിലും സിപിഎം മറക്കരുത്. യുഡിഎഫ് മുന്നണിയെ രാഷ്ട്രീയമായി ശക്തമാക്കുന്നതിൽ കെ. കരുണാകരൻ വിലമതിക്കാനാവാത്ത പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡയാലിസിസ് കിറ്റുകൾ നരിക്കുനി അത്താണി സ്വാന്തന പരിചരണ കേന്ദ്രം സെക്രട്ടറി ടി.പി. അബ്ദുൽ ഖാദർ ഏറ്റുവാങ്ങി.
ലീഡർ സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ സി.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യാതിഥിയായി.