എസ്പിസി പ്രോജക്റ്റ് കോഴിക്കോട് റൂറൽ ജില്ലാ സഹവാസ ക്യാമ്പിന് പിടിഎമ്മിൽ തുടക്കം
1514023
Friday, February 14, 2025 3:42 AM IST
മുക്കം: വിദ്യാർഥികളുമായി ഏറെ നേരം സംവദിച്ചും അവർക്ക് ജീവിതവിജയം നേടാനാവശ്യമായ ഉപദേശങ്ങളും മാർഗ നിർദേശങ്ങൾ നൽകിയും കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയൽ ഉദ്ഘാടന വേദിയിൽ നിറഞ്ഞ് നിന്നപ്പോൾ വിദ്യാർഥികൾക്കും അത് പുതിയ അനുഭവമായി മാറി. കൊടിയത്തൂർ പിടിഎം ഹൈസ്കൂളിൽ നടന്നുവരുന്ന സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്റ്റ് കോഴിക്കോട് റൂറൽ ജില്ലാ സഹവാസ ക്യാമ്പാണ് വേറിട്ടു നിന്നത്.
കേരളത്തിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മാതൃക പരമാണന്ന് അസി. കളക്ടർ പറഞ്ഞു.വിവിധ മേഖലകളിൽ വിജയം നേടിയവർക്കുള്ള ഉപഹാര സമർപ്പണവും അസിസ്റ്റന്റ് കളക്ടർ നിർവഹിച്ചു.
കോഴിക്കോട് റൂറൽ ജില്ല പരിധിയിലെ 58 സ്കൂളുകളിൽ നിന്നായി 388 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സിപിഒമാരായ അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരുമാണ് അഞ്ചു ദിവസത്തെ സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നത്.
ചടങ്ങിൽ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ജി. സുധീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു മുഖ്യാതിഥിയായി.