ആര്‍ട്സ് കോളജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം
1514021
Friday, February 14, 2025 3:42 AM IST
കോഴിക്കോട്: കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ കാലിക്കറ്റ് ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (എസിഎല്എഫ്) ഇന്ന് തുടങ്ങും. "അതിജീവനത്തിന്റെ നിഴലുകള്‍, വാക്കുകള്‍ മുറിവുകളെ അഭിമുഖീകരിക്കുമ്പോള്‍' എന്ന വിഷയത്തിലാണ് മൂന്നു ദിവസത്തെ സാഹിത്യോത്സവം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോളജിലെ മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റുകളും സംയുക്തമായി നടത്തുന്ന ഫെസ്റ്റിവലില്‍ വിവിധ വിഷയങ്ങളിലായി നൂറിലധികം സെഷനുകള്‍ക്കു പുറമേ എല്ലാ ദിവസവും വിവിധ കലാ സാംസ്കാരിക അവതരണങ്ങളുമുണ്ടായിരിക്കും. മൂന്ന് ദിവസം എംടി ഫോട്ടോ എക്സിബിഷന്, ചലച്ചിത്ര പ്രദര്‍ശനം, പുസ്തകച്ചന്ത എന്നിവയും നടക്കും. നെയ്തല്‍, കുറിഞ്ചി, മുല്ലൈ, മയം, പാലൈ എന്നീ അഞ്ചു വേദികളിലായാണ് പരിപാടി നടക്കുന്നത്.
എഴുത്തുകാരന് കെ.പി രാമനുണ്ണിയാണ് എസിഎല്എഫ് ഡയറക്ടര്‍.ഇന്ന് രാവിലെ ഒന്‍പതു മണിക്ക് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനാകും. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും.
കോളജ് വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ. സുനില്‍ ജോണ്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. പ്രിയ, ക്യാമ്പ് ഡയരക്ടര്‍ കെ. പി. രാമനുണ്ണി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മോന്‍സി മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.