കുന്നമംഗലം എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം യാഥാർഥ്യമാകുന്നു
1514020
Friday, February 14, 2025 3:42 AM IST
കുന്നമംഗലം: ആധുനിക സൗകര്യങ്ങളോടെ കുന്നമംഗലം എക്സൈസ് റേഞ്ച് ഓഫീസിന് പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നു. കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. വെസ്റ്റ് ചാത്തമംഗലത്ത് നടക്കുന്ന ചടങ്ങിൽ പി.ടി.എ. റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും. കെട്ടിട നിർമാണത്തിനായി ബജറ്റ് തുകയില്‍നിന്നും 1.5 കോടി രൂപയാണ് വകയിരുത്തിയത്.
എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയാണ് താൽക്കാലിക കെട്ടിടത്തില്‍നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറുന്നത്. ചെത്തുകടവ് പാലത്തിനടുത്ത് നിലവിലുള്ള റവന്യൂ ഭൂമിയിൽ ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
433 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളും സ്റ്റെയർ റൂമുകൾ അടങ്ങിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ വിശാലമായ പാർക്കിംഗ് സൗകര്യവും ഡൈനിംഗ് ഹാൾ സൗകര്യവും ഒന്നാം നിലയിൽ ഓഫീസ് സൗകര്യവും ഉൾപ്പെടുത്തിയാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുളളത്.