പുതുമകളുടെ വിരുന്നൊരുക്കി പുഷ്പമേള
1513760
Thursday, February 13, 2025 7:29 AM IST
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ആരംഭിച്ച കാലിക്കട്ട് ഫ്ളവര്‍ ഷോയ്ക്ക് തിരക്കേറുന്നു. ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന പുഷ്പ മേള ഓരോ ദിവസങ്ങളിലും പുതുമകള്‍ സമ്മാനിക്കുകയാണ്. പൂക്കള്‍ തീര്‍ക്കുന്ന വര്‍ണ വിസ്മയങ്ങള്‍ക്ക് പുറമേ വിവിധ മല്‍സരങ്ങള്‍, സമ്മാനങ്ങള്‍ , കലാപരിപാടികള്‍, ചെടികളുടെയും വിത്തുകളുടെയും വിൽപ്പന, കാര്ഷികയന്ത്രസാമഗ്രികളുടെ വിപണനം തുടങ്ങിയവ മേളക്ക് കൊഴുപ്പേകുന്നു.
വീട്ടുമുറ്റത്ത് മനോഹരമായ പൂന്തോട്ടവും ഫലവൃക്ഷത്തോട്ടവും പച്ചക്കറിത്തോട്ടവുമെല്ലാം ഒരുക്കാന്‍ പുഷ്പോത്സവ നഗരിയില്‍ എത്തിയാല്‍മതി. കാലിക്കട്ട് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേള 16-ന് അവസാനിക്കും.
വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്തതും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഉള്ള പൂക്കളും ചെടികളും ചേര്‍ത്തു 15,000 ചതുരശ്ര അടിയില്‍ ഒരുക്കുന്ന വര്ണോദ്യാനമാണ് ഇത്തവണത്തെ മുഖ്യ ആകര്‍ഷണം അമ്പതോളം വര്‍ഷമായ പേരാലും കുഞ്ഞന്‍ രൂപത്തില്‍ ചെടിച്ചട്ടിയില്‍ ഒരുക്കിയ അമ്പതോളം ബോണ്‍സായി മരങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടില്‍ 1,300 ഓര്‍ക്കിഡുകളുടെ തോട്ടം ഉണ്ടാക്കിയ മൈലമ്പാടി സീനയുടെ 'ഓര്‍ക്കിഡ് മിറക്കള്‍' പ്രദര്‍ശന നഗരിയിലെ അത്ഭുതം തന്നെയാണ്.അഞ്ഞൂറോളം സൂര്യഗാന്ധി പൂക്കളുടെ ഉദ്ധ്യാനവും മേളയ്ക്ക് മാറ്റേകുന്നു.
പ്രദര്ശനഗരിയിലും വീടുകളിലുമായി 50തില്പരം വിവിധമത്സരങ്ങള്‍, പുഷ്പറാണി പുഷ്പരാജ മത്സരം, നാവിലൂറും വിഭവങ്ങളുമായി കുടുംബശ്രീ ജില്ലാ കമ്മീഷന്റെ ഭക്ഷണശാല ആകര്‍ഷമായ പുഷ്പാലങ്കാരം, കൂത്താളി ജില്ലാ കൃഷിത്തോട്ടം, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തുടങ്ങി കേന്ദ്രസംസ്ഥാന സ്ഥാപനങ്ങള്‍ വ്യക്തിഗത പുഷ്പങ്ങളുടെയും ചെടികളുടെയും ശേഖരങ്ങള്‍, 12ഓളം നഴ്സറികള്‍, അടുക്കളത്തോട്ടം, നടീല്‍ വസ്തുക്കളും ഉപകരണങ്ങളും, വളങ്ങളും വില്‍ക്കുന്ന കൊമേഷ്യല്‍ സ്റ്റാളുകള്‍ എന്നിവയും പുഷ്പമേളയിലുണ്ട്. വാലന്റയിന്‍സ് ഡേയില്‍ എല്ലാവര്ക്കും സൗജന്യമായി മേള കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
സെല്‍ഫി മല്‍സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ദിവസങ്ങളില്‍ അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് മുപ്പത് രൂപയുമാണ് പ്രവേശന ഫീസ്. സ്കൂള്‍ അധികൃതരുടെ കത്തുമായിവരുന്ന വിദ്യാര്‍ഥികളുടെ സംഘത്തിന് 20 രൂപയാണ് പ്രവേശന ഫീസ്.
സ്വന്തം ലേഖകന്‍