വല്ലത്തായ്പാറയിൽ വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ; ആശങ്കയിൽ പ്രദേശവാസികൾ
1513759
Thursday, February 13, 2025 7:29 AM IST
മുക്കം: രണ്ടാഴ്ചയോളമായി പുലി ഭീതി നിലനിൽക്കുന്ന കാരശേരി വല്ലത്തായ്പാറയിൽ നാട്ടുകാർ വീണ്ടും പുലിയെ കണ്ടു. ഇന്നലെ പുലച്ചെ 3: 30 ഒടെയാണ് സംഭവം. ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് നാട്ടുകാർ രണ്ട് ദിവസമായി രാത്രിയിൽ തെരച്ചിൽ നടത്തിയിരുന്നു. ഇത്തരത്തിൽ തിരയുമ്പോഴാണ് ഇന്നലെ പുലർച്ചെ വീണ്ടും പുലിയെ കണ്ടത്.
നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തുകയും നേരത്തെ സ്ഥാപിച്ച കാമറ പരിശോധിക്കുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതോടെ കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. എന്നാൽ, കൂട് സ്ഥാപിക്കണമെങ്കിൽ ചീഫ് വൈൽഡ് ഓഫീസറുടെ ഉത്തരവ് വേണമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാരെ ബോധ്യപ്പെടുത്തി.
പ്രദേശത്ത് രാത്രി വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുകയും ഒരു കാമറ കൂടി സ്ഥാപിക്കാനും തീരുമാനമായി. കൂട് സ്ഥാപിക്കാനുള്ള നടപടികൾക്കായി എംഎൽഎയോടും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് മെമ്പർമാർ പറഞ്ഞു. അതേസമയം ഇന്നലെ രാവിലെ വല്ലത്തായിപാറയിൽ പുലിയെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വന്ന വിഡിയോ വ്യാജമാണെന്ന് നാട്ടുകാർ പറഞ്ഞു.