ചാലിക്കരയില്‍ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മാഹുതി ശ്രമം; സംഘര്‍ഷം
1513217
Wednesday, February 12, 2025 4:11 AM IST
പോലീസ് ഇന്‍സ്പെക്ടറുടെ കണ്ണില്‍ പെട്രോള്‍ വീണ് പരിക്ക്
പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ ചാലിക്കരയില്‍ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മാഹുതി ശ്രമം. ചാലിക്കര കായല്‍ മുക്കില്‍ ജനവാസ മേഖലയില്‍ ടവര്‍ നിര്‍മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘര്‍ഷം ഉണ്ടായത്.
സംഘര്‍ഷത്തിനിടെ ഒരാള്‍ ആത്മാഹുതി ശ്രമം നടത്തി. അരയില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിക്കാനുള്ള ശ്രമത്തിനിടെ പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ പി. ജംഷീദ് ഓടിയെത്തി പെട്രോള്‍ കുപ്പി തട്ടി മാറ്റുകയായിരുന്നു. തടയാനുള്ള ശ്രമത്തിനിടയില്‍ പോലീസ് ഇന്‍സ്പക്ടറുടെ കണ്ണില്‍ പെട്രോള്‍ വീണു. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തി ചികിത്സതേടി. ഇതിനുശേഷം വീണ്ടും സംഭവ സ്ഥലത്ത് എത്തി. വനിതാ പോലീസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സംഘര്‍ഷത്തില്‍ നിസാര പരിക്കുണ്ട്.
രണ്ടു വര്‍ഷത്തിലേറെയായി ഇവിടെ ടവര്‍ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ പ്രതിരോധത്തിലാണ്. ടവര്‍ നിര്‍മാണത്തിനായി സ്വകാര്യ കമ്പനി കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ സമരക്കാര്‍ പ്രതഷേധവുമായി എത്തി പണി തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കൊടി നാട്ടിയിരുന്നത് പിഴുത് മാറ്റിയ ശേഷമാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാര്‍ എതിര്‍ത്തപ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനഞ്ചു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നവരില്‍ രണ്ടു സ്ത്രീകള്‍ കുഴഞ്ഞ് വീഴുകയും ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ടവര്‍ കമ്പനി പ്രതിനിധികളും സമര നേതാക്കളുമായി പോലീസ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവൃത്തി രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചു. ഇതിനെ തുടര്‍ന്ന് സമരം തല്ക്കാലം അവസാനിപ്പിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ന് സമര സമിതി നേതാക്കളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.