റെഡ് വളണ്ടിയര്‍മാരെ സന്നദ്ധ സേവകരാക്കി മാറ്റും: എം. മെഹബൂബ്
1513758
Thursday, February 13, 2025 7:29 AM IST
കോഴിക്കോട്: ജില്ലയിലെ റെഡ് വളണ്ടിയര്‍മാരെ സന്നദ്ധ സേവകരാക്കി മാറ്റിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്. കാല്‍ലക്ഷത്തിലേറെ റെഡ് വളണ്ടിയര്‍മാര്‍ ജില്ലയിലുണ്ട്.ഇവര്‍ക്ക് ട്രോമാകെയര്‍ പരിശീലനം നല്‍കും. മയക്കുമരുന്നിനും മദ്യത്തിനുമെതിരായ ബോധവല്‍ക്കരണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും കാലിക്കറ്റ് പ്രസ്ക്ലബിന്റെ മീറ്റ്ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ബഹുജന സ്വാധീനം വര്‍ധിപ്പിക്കുന്നതിനു പുതുമയാര്‍ന്ന പരിപാടികള്‍ ആവിഷ്കരിക്കും. ക്യാമ്പയിനുകള്‍ പുതിയ കാലത്തിനനുസരിച്ച് പരിഷ്കരിക്കും. ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. പാര്‍ട്ടി അംഗത്വത്തില്‍ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കും.
കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാംസ്കാരിക രംഗത്തെ പാര്‍ട്ടി ഇടപെടല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ശാസ്ത്രബോധവും യുക്തിചിന്തയും ചരിത്രബോധവും വളര്‍ത്താന്‍ ശാസ്ത്രഞ്ജര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗിച്ച് വിപുലമായ പ്രചാരണം ഏറ്റെടുക്കും. തദ്ദേശസ്ഥാപനങ്ങളുമായി കൈകോര്‍ത്ത് കായിക രംഗത്ത് പ്രത്യേക ഇടപെടല്‍ നടത്തും.
തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇടതുമുന്നണിയിലും പൊതുജനങ്ങള്ക്കടിയിലും ചര്‍ച്ച നടത്തി വികസന രേഖ തയാറാക്കും. അനുദിനം വികസിക്കുന്ന കോഴിക്കോടിനായി വിദഗ്ധരുമായി ആലോചിച്ച് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുമെന്ന് മെഹബൂബ് പറഞ്ഞു.
ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് വടകരയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധമെന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിട്ടുണ്ട്. അതു വലിയ കാര്യമൊന്നുമല്ല.
ജില്ലാകമ്മിറ്റി രൂപീകരണത്തില്‍ സമ്മേളനത്തിനാണ് പൂര്‍ണ അധികാരം. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഈ തീരുമാനം ചോദ്യം ചെയ്യാന്‍ പറ്റില്ല. കോംട്രസ്റ്റ് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. പ്രശ്നം തീര്‍ക്കുന്നതിന് പാര്‍ട്ടി ഇടപെടുമെന്ന് അദ്ദേഹം അറിയിച്ചു.