ഡിസിസിയുടെ തീരുമാനങ്ങൾക്ക് പിന്തുണയറിയിച്ച് കോൺഗ്രസ് നേതാക്കൾ
1513223
Wednesday, February 12, 2025 4:13 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റ് പദവിമാറ്റത്തെ സംബന്ധിച്ച് ജില്ലാ കോൺഗ്രസ് - യുഡിഎഫ് നേതൃത്വം എടുക്കുന്ന നിലപാടിന് പിന്തുണ അറിയിച്ച് കൂരാച്ചുണ്ടിലെ കോൺഗ്രസ് നേതാക്കൾ.
പഞ്ചായത്ത് പ്രസിഡന്റ് പദവി മാറ്റത്തിൽ ജില്ലാ കമ്മിറ്റി സ്വീകരിച്ച തീരുമാനത്തിനെതിരേ നിന്നതിനെത്തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ സസ്പെൻഡ് ചെയ്യുകയും മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന ജോൺസൺ താന്നിക്കലിനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനുശേഷവും പൊതുജന മധ്യത്തിൽ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പ്രസ്ഥാവനകൾ ഇറക്കുകയും പോസ്റ്റർ പതിക്കുകയും ചെയ്യുന്ന നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ഇതിന് നേതൃത്വം നൽകുന്നവർക്കെതിരേ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കൂരാച്ചുണ്ടിൽ യുഡിഎഫ് മുന്നണി സംവിധാനം നിലനിർത്താൻ ജില്ലാ കോൺഗ്രസ് നേതൃത്വം എടുക്കുന്ന നിലപാടുകൾക്ക് നേതാക്കൾ പിന്തുണ അറിയിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഗീത ചന്ദ്രൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിസാം കക്കയം, ഐഎൻടിയുസി പ്രസിഡന്റ് ടി.എൻ. അനീഷ്, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ നന്തളത്ത്, കെഎസ്യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ,
ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഷാജു കാരക്കട, ജെറിൻ കുര്യാക്കോസ് എന്നിവർ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.