കല്ലായിപുഴതീരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു; ഉദ്യോഗസ്ഥര്‍ നോക്കുകുത്തി
1513047
Tuesday, February 11, 2025 5:04 AM IST
കോഴിക്കോട് : കല്ലായ് പുഴയുടെ തീരത്ത് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു. കോര്പറേഷന് അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യംപെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നതില്‍ മെല്ലെപോക്കാണ്.
പൊതുജനങ്ങള്‍ക്ക് വലിയതോതില്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് നടപടി. പള്ളിക്കണ്ടി റോഡില്‍ മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്ത് മാലിന്യം കത്തിക്കാനുള്ള ശ്രമം കല്ലായി പുഴ സംരക്ഷ സമിതിയുടെ പരാതിയില്‍ ചെമ്മാങ്ങാട് പോലീസ് തടഞ്ഞിരുന്നു.
പുഴ തീരത്ത് പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തങ്ങള്‍സ് റോഡ് ഹെല്‍ത്ത് ഇന്സ്പെകറോട് പരാതിപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിചേരാത്തതിനെ തുടര്‍ന്ന് പുഴസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചെമ്മങ്ങാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് തീയണച്ചത്.
പുഴ തീരത്ത് അനധികൃതമായി നഗരത്തിലെ ഹോസ്പിറ്റലില്‍ നിന്നും ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുഴയില്‍ തള്ളാന്‍ ശ്രമിച്ചതിനെതിരെ 2023 മാര്‍ച്ച് 19 ന് രണ്ട് വാഹനങ്ങള്‍ പിടികൂടി നടപടി സ്വീകരിച്ച സ്ഥാപനമാണ് പുഴ തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചത്. പുഴ തീരത്ത് ടണ്‍കണക്കിന് മാലിന്യം സൂക്ഷിച്ചത് നിക്കം ചെയ്യാന്‍ പുഴസംരക്ഷണ സമിതിയുടെ പരാതിയില്‍ കോര്പറേഷന് രണ്ട് വര്‍ഷം മുമ്പ് നോട്ടിസ് നല്‍കിയിട്ടും അനുമതിയില്ലാതെ ഇപ്പോഴും മാലിന്യങ്ങള്‍ സൂക്ഷിക്കുകയാണ്.
പുഴയെ മലിന്യത്തിന്റെ കുമ്പാരമാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.