ബൈക്ക് മോഷ്ടാവിനെ പിടികൂടി
1513749
Thursday, February 13, 2025 7:28 AM IST
കോഴിക്കോട് : മേലെ പാളയത്തില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി കല്ലായി സ്വദേശി മരക്കാന് കടവ് പറമ്പില്‍ റിജാസ് അലി (22) യെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജനുവരി 16ന് ശബരിമല ദര്‍ശനത്തിന് പോകുന്ന സമയത്ത് മേലെ പാളയം വൈരാഗി മഠം കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വെസ്റ്റ് ഹില്‍ സ്വദേശി മുത്തു കുമാറിന്റെ ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിള്‍ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കഴിഞ്ഞ 11ന് രാത്രി സൗത്ത് ബീച്ച് മുഹമ്മദാലി കടപ്പുറം റോഡ് ജംഗ്ഷനില്‍ വച്ച് പ്രതിയെ മോഷണം നടത്തിയ സ്കൂട്ടര്‍ സഹിതം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ചെമ്മങ്ങാട്, ടൗണ്‍ പോലീസ് സ്റ്റേഷനുകളില്‍ ട്രാഫിക് നിയമം പാലിക്കാത്തതിനു കേസുകള്‍ നിലവിലുണ്ട്. ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ആഷ്ലി ബോണഫസ്റ്റേ ടോറോ, സിപിഒ അരുണ്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.