പൂനൂർപ്പുഴ കയ്യേറി അനധികൃത റോഡ് നിർമാണം; നടപടിക്കൊരുങ്ങി അധികൃതർ
1513245
Wednesday, February 12, 2025 4:37 AM IST
താമരശേരി: നിരവധി കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസായ പൂനൂർപ്പുഴ കയ്യേറി അനധികൃത റോഡ് നിർമാണം. പൂനൂർപ്പുഴയിലെ കൊടുവളളി നഗരസഭ പരിധിയിൽപ്പെട്ട നൊച്ചിമണ്ണിൽ കടവ് മുതൽ മൂത്തോറമാക്കി കടവു വരെ 800 മീറ്ററോളം പുഴയുടെ തീരത്ത് ഉയരത്തിൽ മണ്ണ് നിക്ഷേപിച്ചാണ് റോഡ് നിർമാണത്തിന് നീക്കം നടക്കുന്നത്.
റോഡ് നിർമാണത്തിനായി പുഴയോരത്തെ കൂറ്റൻ മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. എന്നാൽ, മുറിച്ചു മാറ്റിയ മരങ്ങളുടെ കുറ്റികൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. അനധികൃതമായി മുറിച്ച മരങ്ങൾ കടത്തികൊണ്ടുപോയതായി പുഴയോരവാസികൾ പറഞ്ഞു.
കൊടുവള്ളി നഗരസഭയുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് പുഴയോരം കയ്യേറി റോഡ് നിർമാണം നടക്കുന്നതെന്ന് കൊടുവള്ളി നഗരസഭ സെക്രട്ടറി കെ.സുധീർ പറഞ്ഞു. സ്ഥലം സന്ദർശിച്ചപ്പോൾ കയ്യേറ്റം ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതായും, ഇത് കൊടുവള്ളി പോലീസിന് കൈമാറിയതായും ശക്തമായ തുടർ നടപടികൾ ഉണ്ടാകുമെന്നും സെക്രട്ടറി പറഞ്ഞു.