കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം നാളെ
1513240
Wednesday, February 12, 2025 4:29 AM IST
താമരശേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ തുടക്കമാകും. 13ന് വൈകുന്നേരം 5.30 ന് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സ്കൂൾ വാർഷികാഘോഷം നടക്കും. ചലച്ചിത്ര നടനും സംവിധായകനുമായ രമേശ് പിഷാരടി ഉദ്ഘാടനം ചെയ്യും. തുടർന്ന് സമന്വയം എന്ന പേരിൽ കുട്ടികളുടെ കലാസന്ധ്യ അരങ്ങേറും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
14 ന് വൈകുന്നേരം 5.30 ന് പൂർവവിദ്യാർഥി - അധ്യാപക സംഗമം നടക്കും. താമരശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ജൂബിലി സ്മാരകം ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി വിദ്യാർഥിനി കെ. ഫൈഹ എഴുതിയ "ബാല്യത്തിൽ മൊട്ടുകൾ' എന്ന കവിതാ സമാഹാരം ഇ.ടി. മുഹമ്മദ് ബഷീർ എംപി പ്രകാശനം ചെയ്യും.
തുടർന്ന് ഗിന്നസ് മനോജും ടീമും അവതരിപ്പിക്കുന്ന മെഗാ ഷോ അരങ്ങേറും. 15 ന് പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും പ്രധാനാധ്യാപകനായ പി.എ. ജോസ്, വി.എ. സെലിൻ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടക്കും. എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലി സ്മരണിക തിരക്കഥാകൃത്ത് ജോയ് മാത്യു പ്രകാശനം ചെയ്യും. സംഘാടക സമിതി അംഗങ്ങളായ ഗിരീഷ് ജോൺ, റോയി കുന്നപ്പിള്ളി, അലക്സ് തോമസ് ചെമ്പകശേരി, രാജു വരിക്കമാക്കൽ, പി.എ. ജോസ് എന്നിവർ പങ്കെടുത്തു.