ഒരു വര്‍ഷമായിട്ടും പൂർത്തിയായില്ല : ഫുഡ് സ്ട്രീറ്റ് ഹബ് വൈകുന്നു
1513035
Tuesday, February 11, 2025 5:00 AM IST
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ എത്തുന്ന സഞ്ചാരികള്‍ക്ക് രുചികരമായ ഭക്ഷണം വൃത്തിയിലും സൗകര്യത്തിലും ഒരുക്കാന്‍ ലക്ഷ്യമിട്ട് ബീച്ചില്‍ വിഭാവനം ചെയ്ത ഫുഡ് സ്ട്രീറ്റ് ഹബ് വൈകുന്നു.
മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ പ്രോജക്ട് ഒരു വര്‍ഷമായിട്ടും എന്ന് നടപ്പിലാകുമെന്ന് അറിയാത്ത അവസ്ഥയാണ്. ഹബിനായി മണല്‍ മാറ്റലും മറ്റും നടത്തിയതോടെ ഇതുവഴി ബീച്ചിലേക്ക് കടക്കാനാകാതെ ആളുകള്‍ പ്രയാസപ്പെടുന്ന അവസ്ഥയുമാണ്. ബീച്ച് ആശുപത്രിക്ക് മുന്‍വശത്താണ് തെരുവുഭക്ഷണവില്പന കേന്ദ്രത്തിനും വെന്‍ഡിങ് മാര്‍ക്കറ്റിനും സൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്.
നിലം ഒരുക്കുന്നതിന്റെ ഭാഗമായി തറ കീറി മെറ്റല്‍ നിറച്ചിരുന്നു. ഈ പ്രവൃത്തിയില്‍ നിന്ന് ഒരിഞ്ച് മുന്നോട്ടുപോകാന്‍ കോര്പറേഷന് സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥതലത്തിലെ മെല്ലെപ്പോക്കാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും ദേശീയ ആരോഗ്യമിഷന്റെയും സഹകരണത്തോടെയാണ് കോര്പറേഷന് ഫുഡ് സ്ട്രീറ്റ് ആരംഭിക്കാന്‍ ഒരുങ്ങിയത്. 90 വഴിയോരക്കച്ചവടക്കാര്‍ക്കാണ് പദ്ധതി വഴി ബീച്ചില്‍ കച്ചവടം നടത്താന്‍ സാധിക്കുകയെന്നായിരുന്നു പ്രഖ്യാപനം.
4.06കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 2.41 കോടി രൂപ ദേശീയ ആരോഗ്യ മിഷനും ഒരു കോടി രൂപ ഭക്ഷ്യസുരക്ഷാവകുപ്പും വഹിക്കും. ബീച്ചില്‍ ചെറിയ കിടങ്ങ് കീറി അതില്‍ കരിങ്കല്‍ പാളികള്‍ ഇരുമ്പ് വലകളില്‍ ബന്ധിച്ചുകൊണ്ടുള്ള പ്ലാറ്റ്ഫോം നിര്‍മിക്കുകയാണ് ചെയ്യുന്നത്. പ്ലാറ്റ്ഫോമിന് മുകളില്‍ ബങ്കുകള്‍ സ്ഥാപിക്കുന്നത്.
ഒരേ മാതൃകയിലുള്ള ബങ്കുകളാണ് തയാറാക്കുക. തറയൊരുക്കുന്ന ജോലിക്കുശേഷം വൈദ്യുതി വിളക്കുകള്‍ ഒരുക്കുന്ന ജോലി നടക്കും. മാലിന്യ സംസ്കരണ സംവിധാനങ്ങളും താമസിയാതെ തയാറാക്കും.
കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കും. വാഷ് ബേസിനുകളും സജ്ജീകരിക്കുമെന്ന് പറഞ്ഞിരുന്നു. ബങ്കുകള്‍ സ്ഥാപിക്കാന്‍ കച്ചവടക്കാര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കും. ഒരു ബങ്കിന് 1.38 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.