കശാപ്പ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഒടുവിൽ പിടി വീണു
1513038
Tuesday, February 11, 2025 5:00 AM IST
നാദാപുരം : കിണറ്റിൽ വീണ കാട്ട് പന്നിയെ കരയിലെത്തിച്ച് കശാപ്പ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ യുവാക്കൾക്ക് വിലങ്ങ് വീണു. വളയം കുറുവന്തേരിയിലാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കൂറ്റൻ കാട്ട് പന്നി അകപ്പെട്ടത്. തുടർന്ന് നാട്ടുകാരും , മേഖലയിലെ ഔദ്യോഗിക സ്ഥാനങ്ങളിൽ ഉള്ളവരും വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉച്ചയോടെ പന്നിയെ കിണറിൽ നിന്ന് പുറത്ത് എത്തിക്കാൻ സ്ഥലത്ത് എത്തുമെന്ന്ഉദ്യോഗസ്ഥർ നാട്ടുകാരെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് യുവാക്കൾ പന്നിയെ കിണറ്റിൽ നിന്ന് കരക്കെത്തിച്ച് കൊണ്ട് പോയി കശാപ്പ് നടത്തിയത് ഈ ദൃശ്യങ്ങളാണ് വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. വളയം , കുറുവന്തേരി മേഖലകളിൽ പലർക്കും വീഡിയോ ലഭിച്ചു. ഇതോടെ വീഡിയോ ദൃശ്യങ്ങൾ മുതിർന്ന വനപാലകരുടെ കയ്യിലും എത്തി.
ഉച്ചയോടെ പന്നിയെ കിണറ്റിൽ നിന്ന് പുറത്ത് എത്തിക്കാനായി വനപാലകർ വിവരം അന്വേഷിച്ചപ്പോഴാണ് പന്നി രക്ഷപെട്ടതായി ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. ഈ മറുപടിയിൽ സംശയം ഉയർന്നതോടെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയായിരുന്നു. കശാപ്പ് നടത്തിയ മാംസം മേഖലയിൽ പലർക്കായി വിതരണം നടത്തുകയും ചെയ്ത വിവരവും വനപാലകർക്ക് ലഭിച്ചു.
നിലവിൽ നാല് പേ രെ അറസ്റ്റ് ചെയ്ത വനം വകുപ്പ് അധികൃതർ പ്രദേശവാസികളായ അഞ്ച് പേർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുമുണ്ട്. ഇതിനിടെ നാടിനും , നാട്ടുകാർക്കും ഭീഷണിയായ കാട്ട് പന്നിയെ കശാപ്പ് ചെയ്ത വിവരം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയത് പ്രദേശവാസികളാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.