വിലങ്ങാട് കാട്ട് തേനീച്ചകളുടെ കുത്തേറ്റ് പത്ത് പേർക്ക് പരിക്ക്
1513006
Tuesday, February 11, 2025 4:17 AM IST
ഒരാളുടെ നില ഗുരുതരം
നാദാപുരം: വിലങ്ങാട് ഇന്ദിര നഗറിൽ കാട്ട് തേനീച്ചകളുടെ കുത്തേറ്റ് സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. നരിപ്പറ്റ പഞ്ചായത്ത് മൂന്നാം വാർഡ് ഇന്ദിരനഗർ വെണ്ടേക്കും പൊയ്യിലിലാണ് കാട്ട് തേനീച്ചകൾ കൂടിളകി പ്രദേശവാസികളെ കൂട്ടത്തോടെ അക്രമിച്ചത്.
ഉള്ളാട്ടികുന്നേൽ മേരി തോമസ് (65), ഉള്ളാട്ടിക്കുന്നേൽ ജയ്സൺ (58), ഉള്ളാട്ടികുന്നേൽ വത്സമ്മ (45), സഹോദരങ്ങളായ മുള്ളൻകുഴിയിൽ സച്ചിൻ ജോസ് (28), മുള്ളൻകുഴിയിൽ സന്ദീപ് ജോസ് (25), പ്ലാപ്പിച്ചിറയിൽ എബിന സാജു (17), ചകിരിയിൽ വൽസല (45) ചകിരിയിൽ വിശ്വൻ (60), നൗഷിദ് (38) എന്നിവർക്കാണ് കുത്തേറ്റത്.
കുത്തേറ്റവരെ വിലങ്ങാട് സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശേരിയിലെയും മറ്റും ആശുപത്രികളിൽ ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ മേരി തോമസ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച്ച രാവിലെയാണ് റബർ ടാപ്പിംഗിലേർപ്പെട്ട സച്ചിനേയും, സന്ദീപിനേയും കൂടിളകി എത്തിയ തേനീച്ചകൾ കൂട്ടത്തോടെ അക്രമിച്ചത്. ഈച്ചകളിൽ നിന്ന് രക്ഷനേടാനായി ഇരുവരും ഓടി സമീപത്തെ പുഴയിൽ ചാടി. പുഴയിൽ ചാടിയിട്ടും ഈച്ചകൾ അക്രമിച്ചു. തുടർന്ന് രക്ഷപെടാനായി മേരി തോമസിന്റെ വീട്ടിലേക്ക് ഓടി കയറിയെങ്കിലും മേരി തോമസിനെയും ഈച്ചകൾ അക്രമിച്ചു.
ഇവരുടെ ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ ഓലച്ചൂട്ട് കത്തിച്ചാണ് ഈച്ചകളിൽ നിന്ന് നാല് പേരെയും രക്ഷിച്ചത്. രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടവരേയും ഈച്ചകൾ അക്രമിച്ചു. മണിക്കൂറുകളോളം മേഖലയിൽ തേനീച്ച കൂട്ടം പരിഭ്രാന്തി പരത്തി. ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന മേരി തോമസിന്റെ ഭർത്താവിന്റെ സമീപത്തേക്ക് എത്തിയപ്പോഴാണ് എബിന സാജുവിനെ ഈച്ചകൾ അക്രമിച്ചത്.
ഈ പ്രദേശത്ത് വീട്ടുകാർ പുറത്തിറങ്ങാതെ ഏറെ നേരം വീടുകൾക്ക് അകത്ത് തന്നെ കഴിച്ച് കൂട്ടി. റോഡിലൂടെയുള്ള ഓട്ടോ, ടാക്സി സർവീസുകൾ നിലച്ചു.
സ്കൂൾ വിദ്യാഥികൾ ഉൾപ്പെടെ ഉള്ളവർ ഭീതിയോടെയാണ് ഇത് വഴി സഞ്ചരിച്ചത്. ചകിരി തോടിന് സമീപത്തെ മരത്തിന് മുകളിലാണ് ഈച്ചകൾ തമ്പടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.