മണ്ടോപ്പാറ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചു
1513041
Tuesday, February 11, 2025 5:00 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് മൂന്നാം വാർഡ് മണ്ടോപ്പാറ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കുടിവെള്ളമെടുക്കാൻ കഴിയാതെ ഗുണഭോക്താക്കളായ കുടുംബങ്ങൾ. പ്രദേശത്തെ 30 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയാണിത്. പട്ടിക ജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടായ 20 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ നോട്ടത്തിൽ പ്രവർത്തനമാരംഭിച്ച കുടിവെള്ള പദ്ധതിയാണിത്.
മഴക്കാലമായാൽ മറ്റു കുടിവെള്ള സ്രോതസുകളെയാണ് ഇവർ ആശ്രയിക്കുന്നത്. അതിനാൽ മഴക്കാലത്ത് പദ്ധതി പ്രവർത്തിപ്പിക്കാറില്ല. മാസങ്ങളോളം വൈദ്യുതി ചാർജ് അടയ്ക്കാൻ കഴിയാതെ വന്നതോടെ കെഎസ്ഇബി മീറ്റർ അഴിച്ച് നീക്കി വൈദ്യുതി വിച്ഛേദിച്ചുവെന്നാണ് പറയുന്നത്. ചൂട് വർധിച്ചു വരുന്നതോടെ കിണറുകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ കുടിവെള്ള പദ്ധതിയെ ആശ്രയിക്കേണ്ട നിലയിലാണെന്നും പറയുന്നു.
മണ്ടോപ്പാറയിൽ പ്രവർത്തിക്കുന്ന സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. ഇപ്പോൾ സമീപത്തെ കിണറിൽ നിന്നാണ് കേന്ദ്രത്തിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.