ട്രാഫിക് നിയമ ലംഘനം : കോഴിക്കോട്ട് സ്വകാര്യബസ് ഡ്രൈവര്‍മാര്‍ക്കെതിരേ നൂറിലധികം കേസുകള്‍
1513007
Tuesday, February 11, 2025 4:17 AM IST
കോഴിക്കോട്: ട്രാഫിക് നിയമലംഘനത്തിന് കോഴിക്കോട്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടയിലാണ് ഇത്രയധികം കേസുകള്‍ എടുത്തത്.
അപകട സാധ്യതയുള്ള മേഖലകളില്‍ ഓവര്‍ടേക്കിംഗ് നടത്തിയതിനും നഗര പരിധിയില്‍ നിശ്ചിത വേഗത മറികടന്നതിനുമാണ് മിക്ക കേസുകളും. 1.48 ലക്ഷം രൂപ പിഴയായി ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കിയിട്ടുണ്ട്. റോഡില്‍ നിയമലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തിവരികയാണ്.
സ്വകാര്യബസ് ഡ്രൈവര്‍മാര്‍ ഇരുചക്ര വാഹനമോടിക്കുന്നവരോടും മറ്റും പരുക്കനായി പെരുമാറുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ദീര്‍ഘദൂര ബസുകള്‍ യാത്രക്കാരുടെ ജീവന് പണയപ്പെടുത്തി അമിതവേഗതയില്‍ ഓടിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്.
അപകടം വരുത്തുന്നവിധത്തില്‍ വാഹനമോടിച്ച ഏഴ് ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പപെന്‍ഡ് ചെയ്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാര്‍ സിറ്റി ബസുകള്‍ ഓടിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
പകരക്കാരായി ജോലി ചെയ്യുന്ന നാലു ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് പോലുമില്ലെന്നാണ് കണ്ടെത്തല്‍. ബസുടമകള്‍ അറിയാതെയാണ് ഇത്തരം ഏര്‍പ്പാടെന്ന് പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാര്‍ ബസ് ഓടിച്ച് അപകടത്തില്‍പെട്ടാല്‍ യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് തുകപോലും കിട്ടാത്ത സാഹചര്യമാണ് ഉണ്ടാവുകയെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. മിക്ക സിറ്റി ബസുകളിലും ലൈന്‍ ബസുകളിലും സ്പീഡ് ഗവര്‍ണര്‍ എടുത്തുമാറ്റിയതായി പരിശോധനയില്‍ കണ്ടെത്തി.
അമിത വേഗതയില്‍ ഓടുന്നതിനാണ് ഇതു നീക്കം ചെയ്തത്. 35 കിലോമീറ്ററാണ് നഗരത്തിലെ വേഗപരിധി. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ വാഹനങ്ങള്‍ നിര്ത്തികൊടുക്കുന്നില്ലെന്നു പരിശോധനയില്‍ വ്യക്തമായി. മിക്ക വാഹനങ്ങളും കാല്‍നടയാത്രക്കാരെ ഗൗനിക്കുന്നേയില്ല. ഇതു പലപ്പോഴും അപകടത്തിനു കാരണമാകുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കും.
കഴിഞ്ഞ ദിവസം അരയിടത്തുപാലത്ത് അമിത വേഗതയില്‍ ഓടിച്ച സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്. ഡ്രൈവര്‍മാര്‍ പാന്‍ മസാലയും മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് ബസുകള്‍ ഓടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെരുമണ്ണയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബസ്ഡ്രൈവര്‍ മയക്കുമരുന്ന് ഉപയോഗിച്ചത് പോലീസ് പിടികൂടിയിരുന്നു.