റോഡ് കയ്യേറി കെട്ടിട നിർമാണം; നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്
1512375
Sunday, February 9, 2025 4:32 AM IST
മുക്കം: പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം പ്രവൃത്തി പൂർത്തിയായ റോഡ് കയ്യേറി സ്വകാര്യ വ്യക്തി കെട്ടിട നിർമാണം നടത്തുന്നതായി പരാതി. മുക്കം കടവ് - കളരിക്കണ്ടി റോഡിന്റെ ആദ്യ ഭാഗത്താണ് കൈയ്യേറ്റം നടത്തി നിർമാണ പ്രവർത്തനം നടത്തുന്നതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയത്. നിലവിൽ എട്ട് മീറ്റർ വീതിയുള്ള റോഡിൽ സ്വകാര്യ വ്യക്തിയുടെ നിർമാണമാരംഭിച്ചതോടെ റോഡ് ഏറെ വീതി കുറഞ്ഞതായി നാട്ടുകാർ പറയുന്നു.
കെട്ടിട നിർമാണത്തിനെതിരേ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. രാത്രിയിലും ഒഴിവു ദിവസങ്ങളിലുമൊക്കെയാണ് പ്രവൃത്തി നടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടു നൽകിയാണ് എട്ട് മീറ്റർ റോഡ് യാഥാർഥ്യമാക്കിയത്. എന്നാൽ കെട്ടിട നിർമാണം നടക്കുന്ന സ്ഥലമൊഴിച്ച് ബാക്കി എല്ലായിടത്തും എട്ട് മീറ്റർ വീതിയുണ്ടന്നാണ് നാട്ടുകാർ പറയുന്നത്.
സർവേ നടത്തിയതിന് ശേഷം മാത്രമേ പ്രവൃത്തി നടത്താൻ അനുവദിക്കാവൂ എന്നും നാട്ടുകാർ പറയുന്നു. നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണന്നും അനധികൃത നിർമ്മാണത്തിനെതിരേ ഇനിയും നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തംഗം കൃഷ്ണദാസ് പറഞ്ഞു.
അതേ സമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് എല്ലാ അനുമതിയും നേടിയാണ് നിർമാണം നടക്കുന്നതെന്ന് കെട്ടിട ഉടമയും അറിയിച്ചു. തങ്ങൾ സ്ഥലം വാങ്ങിയതുൾപ്പെടെയുള്ള തെളിവുകൾ കൈവശമുണ്ടന്നും അവർ പറഞ്ഞു.