മുക്കം ഫെസ്റ്റിന് ഇന്ന് തുടക്കം
1511625
Thursday, February 6, 2025 4:47 AM IST
മുക്കം: മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന മലയോരത്തിന്റെ മഹോത്സവമായ മുക്കം ഫെസ്റ്റിന് ഇന്ന് തുടക്കമാവും. വൈകുന്നേരം നാലിന് മുക്കം പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെയാണ് 18 നാൾ നീളുന്ന ഫെസ്റ്റിന് തുടക്കമാവുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക നായകന്മാർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ ഘോഷയാത്രയിൽ അണിനിരക്കും.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി നിരവധി വേറിട്ട കാഴ്ചകളാണ് ഫെസ്റ്റിൽ ഒരുക്കിയി രിക്കുന്നത്. അക്വടണൽ, റോബോട്ടിക് ഷോ, കാർഷിക വ്യവസായിക ശാസ്ത്ര പ്രദർശനം, വിവിധ സർക്കാർ സ്റ്റാളുകൾ, വിപണനമേളകൾ, ഫുഡ് ഫെസ്റ്റ്, അമ്യുസ്മെന്റ് പാർക്ക് തുടങ്ങി വിപുലമായ സജീകരണങ്ങളാണ് അഗസ്ത്യൻ മുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഫെസ്റ്റ് നഗരയിൽ ഒരുക്കി യിരിക്കുന്നത്.
ഉച്ചകഴിഞ്ഞ് രണ്ട് മുതൽ പ്രദർശനം തുടങ്ങും. ദിവസവും രാത്രി എട്ട് മുതൽ പത്ത് വരെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഗൗരിലക്ഷ്മി, സമീർ ബിൻസി, ഹനാൻഷാ, അതുൽ നറുകര, സലീം ഫാമിലി, നിർമൽ പാലാഴി തുടങ്ങി പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും നാടൻ പാട്ടും മാപ്പിളപ്പാട്ടും ബാവുൽ സംഗീതവും ഫെസ്റ്റിന് മാറ്റുകൂട്ടും.
23ന് ഫെസ്റ്റ് സമാപിക്കും. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, ഫെസ്റ്റ് സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി.പി. രാജീവ്, പി. ചന്ദ്രബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.