സർക്കുലർ ബസ് സർവീസ് ആരംഭിക്കണം
1489883
Wednesday, December 25, 2024 1:40 AM IST
കോഴിക്കോട് : ക്രിസമസ് പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് മേഖലയിലെ ബേപ്പൂർ, കാപ്പാട്, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ, ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർക്കുലർ ബസുകളും, സിറ്റി ബസുകൾ, രാത്രി 12 വരെയും നഗരത്തിൽ സർവീസ് നടത്തണമെന്ന് അഭ്യർത്ഥിച്ച് നിവേദനം സമർപ്പിച്ചു.
മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണിയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം സമർപ്പിച്ചത്.
റോഡ് അപകടം കുറയ്ക്കാൻ പൊതു ഗതാഗതം വിപുലീകരിക്കുക, ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ യോജിച്ച പ്രവർത്തനം ഉറപ്പുവരുത്തുക, റോഡ് പരിപാലനത്തിലെ അപാകത, ഓവർ സ്പീഡ്, ഓവർലോഡ്, നിയമം ലംഘിച്ച ഓവർടേക്ക് എന്നിവ പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.
ടൂറിസം വികസനത്തിൽ മലബാറിന് വേണ്ടത്ര പരിഗണന നൽകിയ ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും കേരള സർക്കാരിനെയും മലബാർ ഡെവലപ്മെന്റ് കൗൺസിൽ അഭിനന്ദിച്ചു.
മുൻകാലങ്ങളിലൊന്നും ലഭിക്കാത്ത പരിഗണനയാണ് ടൂറിസം മേഖലയിൽ മലബാറിന് ലഭിച്ചിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി