റബർപുരക്ക് തീപിടിച്ചു
1489280
Sunday, December 22, 2024 8:10 AM IST
പേരാമ്പ്ര: റബർ ഷീറ്റ് പുരക്ക് തീപിടിച്ചു. പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ കിഴിഞ്ഞാണ്യം ഗീതാഞ്ജലിയിൽ ബാലകൃഷ്ണൻ എന്നിവരുടെ വീടിനോട് ചേർന്നുള്ള റബർ ഷീറ്റ് പുരയ്ക്കാണ്
ഇന്നലെ ഉച്ചക്ക് രണ്ടോടുകൂടി തീപിടിച്ചത്. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽനിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീക്കിന്റെയും നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി തീയണച്ചു. പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും ഉണ്ടായിരുന്നു.
റബർ ഷീറ്റ് ഉണക്കുന്നതിനായി തീയിട്ടത് തേങ്ങാക്കൂടയിലേക്ക് പടർന്നാണ് തീ പിടിച്ചതെന്ന് കരുതുന്നു. ഉണക്കാനിട്ട റബർഷീറ്റുകളും തേങ്ങയും ഉൾപ്പെടെ തേങ്ങാക്കൂട ഭാഗികമായി കത്തി നശിച്ചു. ഷീറ്റ്പുരയോട് ചേർന്ന് വിറകുകൾ കൂട്ടിയിടുന്നത് അപകടമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ. ശ്രീകാന്ത്, പി. ആർ. സോജു, കെ.എം. ബിജേഷ് അശ്വിൻ ഗോവിന്ദ്, ഹൃദിൻ, കെ. അജേഷ്, എം. ജയേഷ്, ഹോം ഗാർഡ്സ് എ.എം. രാജീവൻ, വി.കെ. ബാബു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.