റോഡ് കല്യാണം; കൊട്ടിക്കലാശത്തിൽ പിരിച്ചെടുത്തത് അഞ്ച് ലക്ഷം രൂപ
1489348
Monday, December 23, 2024 2:55 AM IST
മുക്കം: പുട്ടും പപ്പടവും മൺച്ചട്ടിക്കച്ചവടവും ഒരു ഭാഗത്ത് അരങ്ങ് തകർക്കുമ്പോൾ ഉപ്പിലിട്ടതും ഉണ്ണിയപ്പവും നാടൻ പച്ചക്കറികളും വളയും മാലയുമെല്ലാം വാങ്ങുന്നതിനായി നാട്ടുകാരുടെയും അയൽനാട്ടുകാരുടെയും നീണ്ട നിര മറുഭാഗത്തും. പഴയകാല ഗാനങ്ങൾ കൂടിയായതോടെ നാട്ടുകാർക്കെല്ലാം ചെറുപ്പകാലത്തേക്ക് തിരിച്ചുപോയ അനുഭവമായിരുന്നു. പുതിയ തലമുറയ്ക്കു വേണ്ടി ലെയ്സും ചട്ടിപ്പത്തിരിയുമൊക്കെയായി ഫുഡ് ഫെസ്റ്റും ഒരുക്കിയിരുന്നു. സാധാരണ നിലയിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം സംഘർഷത്തിലേക്ക് നീങ്ങാറുണ്ടങ്കിൽ വെസ്റ്റ് കൊടിയത്തൂരിലേത് കക്ഷിരാഷ്ട്രീയ നാട്ടുചിന്തകൾക്കതീതമായി നാട്ടുകാരുടെ സ്നേഹകൂട്ടായ്മയായിരുന്നു.
വർഷങ്ങളായി കാത്തിരിക്കുന്ന റോഡ് വികസനം സാധ്യമാക്കുന്നതിന് റോഡ് കല്യാണം നടത്തി ജനശ്രദ്ധ നേടിയ വെസ്റ്റ് കൊടിയത്തൂർ ഗ്രാമമാണ് വ്യത്യസ്തമായ രീതിയിൽ കൊട്ടിക്കലാശം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 13,14,16 വാർഡുകളുടെ സംഗമ ദേശമായ വെസ്റ്റ് കൊടിയത്തൂരിൽ നിന്ന് എരഞ്ഞിമാവ്- മാവൂർ- കോഴിക്കോട് പാതയിലെ ഇടവഴിക്കടവിലേക്ക് എത്തുന്ന 1.2 കിലോമീറ്റർ റോഡിന്റെ വികസനത്തിനായാണ് വെസ്റ്റ് കൊടിയത്തൂർ വികസന സമിതിയുടെ നേതൃത്വത്തിൽ റോഡ് കല്യണത്തിന് ശേഷം കൊട്ടിക്കലാശം സംഘടിപ്പിച്ചത്. കലാശക്കൊട്ട് വെറുതെയായില്ലന്ന് മാത്രമല്ല നാട്ടുകാർ കയ്യയച്ച് സഹായിച്ചപ്പോൾ റോഡ് വികസനത്തിനായി അഞ്ച് ലക്ഷത്തോളം രൂപയും ലഭിച്ചു.
1980ൽ നിർമാണം പൂർത്തിയാക്കിയ ശരാശരി മൂന്നര മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡായ വെസ്റ്റ് കൊടിയത്തൂർ- ഇടവഴിക്കടവ് റോഡിന്റെ വികസനത്തിനായി പഞ്ചായത്ത് അംഗം എം.ടി. റിയാസ് ചെയർമാനും വി.സി രാജൻ കൺവീനറും കെ. അബ്ദുല്ല ഖജാൻജിയുമായി വെസ്റ്റ് കൊടിയത്തൂർ വികസന സമിതി എന്ന പേരിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുകയാണ്.
ഒന്നര വർഷം നടത്തിയ പ്രയത്നത്തിലൂടെ റോഡ് ആറ് മീറ്ററാക്കി മാറ്റുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുകയും റോഡിനിരുവശവുമുള്ള 107 ഭൂഉടമകളെ റോഡിനായി ഭൂമി വിട്ടു നൽകുവാൻ സന്നദ്ധരാക്കുകയും ചെയ്തു. റോഡിനായി പൊളിച്ചു മാറ്റുന്ന മതിലുകൾ പുനർനിർമിച്ച് നൽകുന്നതിനും പദ്ധതി തയാറാക്കി.
റോഡ് ആറ് മീറ്റർ വീതിയിലാക്കി നൽകിയാൽ ജില്ലാ പഞ്ചായത്ത് റോഡായി ഏറ്റെടുത്ത് ഫണ്ട് അനുവദിക്കും. പൊളിക്കുന്ന മതിലുകൾ പുനർനിർമിച്ച് നൽകുന്നതിന് 50 ലക്ഷം രൂപയിൽ അധികം ചെലവ് വന്നു. ഈ പ്രവൃത്തി 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ബാക്കി പ്രവൃത്തിക്കായുള്ള തുകയാണ് കൊട്ടിക്കലാശത്തിലൂടെ ലഭ്യമാക്കിയത്. ഇനി ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തുകയാണ് ലക്ഷ്യം. ജനുവരി മാസത്തോടെ ഇതും പൂർത്തിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.